സിറ്റിയെ കുടുക്കിയ ചെറുപ്പക്കാരൻ നിയമക്കുരുക്കിൽ
ലോകത്തുള്ള ഫുട്ബോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട്, സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിക്ക് യുവേഫ രണ്ടു വർഷം വിലക്കേർപ്പെടുത്തിയ വാർത്ത പുറത്തു വന്നത് ഇന്നലെയാണ്. സിറ്റിക്ക് രണ്ടു വർഷം ചാമ്പ്യൻസ് ലീഗിൽ കളിക്കാനാകില്ലെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയിന്റ് നഷ്ടത്തിന് സാധ്യതയുണ്ടെന്നും അറിയിപ്പു വന്നു കഴിഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിയെ കുരുക്കിയ ഈ കുരുക്കിനു പിന്നിലെ കൈകൾ പോർച്ചുഗീസുകാരനും മുൻ യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ റൂയി പിന്റോ എന്ന ഹാക്കറുടേതാണ്. നാലര വർഷം തന്റെ വീട്ടിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്നാണ് ഈ മുപ്പത്തിയൊന്നുകാരൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ജർമൻ പത്രമായ ‘ദെ സ്പീഗ’യുമായി ചേർന്ന് ഇയാൾ ഫുട്ബോൾ ഭീമൻമാരുടെ ഇ-മെയിലുകളും രേഖകളും ചോർത്തിയെടുത്തു. തുടർന്ന് സാമ്പത്തിക തിരിമറിയിൽ സിറ്റി കുരുങ്ങുകയും ചെയ്തു. ഈ വാർത്ത പുറത്തുവരുമ്പോൾ റൂയി ലിസ്ബണിലെ ജയിലിലാണ്. 2019 മാർച്ചിൽ ഹാക്കിങ്ങിന്റെ പേരിൽ ഹംഗറിയിൽവെച്ച് റൂയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 10 വർഷം വരെ ജയിൽശിക്ഷ കിട്ടിയേക്കാവുന്ന 90 കേസുകളാണ് റൂയിയുടെ പേരിലുള്ളത്
വാർത്ത പുറത്തു വന്നതോടെ റൂയിയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിറയുകയാണ്. ‘#FreePinto’ എന്ന ഹാഷ്ടാഗിലാണ് ക്യാമ്പെയ്നുകൾ നടക്കുന്നത്. റൂയിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം






































