മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് രണ്ട് വർഷം വിലക്കി യുവേഫ
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കനത്ത നടപടിയുമായി യുവേഫ. അടുത്ത 2 സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ അവരെ വിലക്കി. ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷയായാണ് വിലക്ക്. വിലക്കു കൂടാതെ 30 മില്യൺ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.
യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളിൽ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റർ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയത്. കൂടാതെ ഇക്കാര്യത്തിൽ യുവേഫയെ തെറ്റുധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. സിറ്റി ഇതിനെതിരെ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ മാത്രമാണ് വ്യക്തമാകുക. നിലവിൽ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് എതിരായ റൌണ്ട് 16 മത്സരത്തിന് സിറ്റി തയ്യാറെടുക്കെയാണ് യുവേഫയുടെ നടപടി. ഈ സീസണിൽ സിറ്റിക്ക് ഭീഷണി ഇല്ലെങ്കിലും അത് ടീമിന്റെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കും എന്നത് പ്രധാനമാണ്.