Athletics Top News

ഒളിമ്പിക്സിനെയും വിരട്ടി കൊറോണ

February 6, 2020

author:

ഒളിമ്പിക്സിനെയും വിരട്ടി കൊറോണ

ചൈനയിൽ നിന്നാരംഭിച്ച കൊറോണ വൈറസ്‌ ഒളിമ്പിക്സ് സംഘാടകരെയും ഭയപ്പെടുത്തുന്നു. ഒളിമ്പിക്സ് മാറ്റിവയ്ക്കില്ലെന്നാണ് നിലവിലെ പ്രഖ്യാപനം. എന്നാൽ, ആശങ്കയുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ജപ്പാന്റെ തലസ്ഥാനമായ ടോക്യോവിൽ ജൂലൈ 24 മുതലാണ് ഒളിമ്പിക്സ് ആരംഭിക്കുക.

കൊറോണയുടെ വ്യാപ്തി ചുരുങ്ങുമെന്നാണ് കരുതുന്നതെന്ന് ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ടൊഷീറോ മുട്ടോ പറഞ്ഞു. ചൈനയെ കൂടാതെ 25 രാജ്യങ്ങളിൽ വൈറസ് എത്തിയ സാഹചര്യത്തിലാണ് ഭീതിയേറിയത്.

ജപ്പാനിൽ ഇതുവരെ ആരും മരിച്ചിട്ടില്ല. എന്നാൽ, പത്തുപേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ്‌ പടരാതിരിക്കാൻ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന് ടോക്യോ ഗവർണർ യുറീകോ കൊയികെ പറഞ്ഞു. ചൈനയിലേക്കും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ നിയന്ത്രണമുണ്ട്. ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ഗവർണർ വ്യക്തമാക്കുന്നു.

കൊറോണ കളിയാവേശത്തിനും മങ്ങൽ വീഴ്ത്തുകയാണ്. ലോക ഇൻഡോർ മീറ്റ്, ഏഷ്യൻ ഇൻഡോർ മീറ്റ് എന്നിവയ്‌ക്കു പിന്നാലെ പലയിടത്തും ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങൾ നിർത്തിവച്ചിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും നീട്ടിവച്ചു.

Leave a comment