ഡികോക്കിന്റെ സെഞ്ചുറിയിൽ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക ആദായ ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇന്നലെ നടന്ന മൽസരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. ടെസ്റ്റ് മൽസരത്തിലെ തോൽവിക്ക് ശേഷം തകർപ്പൻ പ്രകടനമാണ് ഇന്നലെ ദക്ഷിണാഫ്രിക്ക നടത്തിയത്. ലോകകപ്പ് ജേതാക്കൾക്കെതിരെ ബോളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങാൻ അവർക്കായി. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക 14 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. നായകൻ ഡികോക്കിന്റെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിൽ എത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ പിന്നീട് അത് മുതലാക്കാൻ കഴിഞ്ഞില്ല. ഡെന്‍ലി(87), വോക്‌സ്(40) എന്നിവർ മികച്ച പ്രകടനം നടത്തി. ഷംസി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ ഡികോക്കിനെ(107) കൂടാതെ ബാവുമ്മ(98), വാന്‍ ഡര്‍ ഡുസ്സന്‍(38) എന്നിവരും മികച്ച പ്രകടനം നടത്തി. ലോകകപ്പിന് ശേഷം ഇംഗ്ളണ്ട് കളിക്കുന്ന ആദ്യ ഏകദിനമായിരുന്നു ഇത്.






































