സമനിലയിൽ കുരുങ്ങി ചെൽസി
ടോപ് 4 മത്സരത്തിൽ ആധിപത്യം നേടാനായി ലെസ്റ്റർ സിറ്റിയെ നേരിട്ട ചെൽസി സമനിലയിൽ. ഇരുടീമുകളും ഓരോ തവണയാണ് മത്സരത്തിൽ ലീഡ് ചെയ്തത്.ചെൽസി നഷ്ടപ്പെടുത്തിയ അവസരങ്ങളാണ് മത്സരത്തിൽ നിർണായകമായി മാറിയത്.നിലവിൽ ചെൽസി 41, ലെസ്റ്റർ 49, എന്നിങ്ങനെയാണ് പോയിന്റ് നില.
ഗോൾരഹിതമായ ആദ്യ പകുതിയിൽ ചെൽസി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ വരുത്തിയ പിഴവുകളാണ് അവരുടെ ജയസാധ്യത ഇല്ലാതാക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹെഡറിലൂടെ റൂഡിഗർ ചെൽസിക്കായി ലീഡ് നേടിയെങ്കിലും ഏറെ വൈകാതെ ബാൻസിലൂടെ ലെസ്റ്റർ സമനിലയിലെത്തി.
പിന്നീട് അറുപത്തിനാലാം മിനിറ്റിൽ ചിൽവെൽ ലെസ്റ്ററിന് ലീഡ് നൽകിയെങ്കിലും വീണ്ടും റൂഡിഗർ ചെൽസിയെ തുണക്കുകയായിരുന്നു. മൗണ്ടിന്റെ അസിസ്റ്റിൽ നിന്നാണ് ചെൽസി ഇത്തവണയും ഡിഫൻഡർ ഗോൾ നേടിയത്.






































