പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ച് ബ്ലാസ്റ്റേഴ്‌സ്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിൽ ഇന്നലെ നടന്ന ഗോവ എഫ്സി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളത്തിന് തോൽവി. ഇന്നലെ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മൽസരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം തോറ്റത്. തോൽവിയോടെ കേരളം പ്ലേ ഓഫിൽ നിന്ന് പുറത്തായി. തീപാറുന്ന പോരാട്ടത്തിനാണ് ഇന്നലെ ഗോവ സാക്ഷ്യം വഹിച്ചത്. ആദ്യപകുതിയിൽത്തന്നെ ഇരു ഗോളുകളുടെ ലീഡ് ഗോവ നേടിയെങ്കിലും രണ്ടാം പകുതിയിൽ ഗോവയെ വിറപ്പിക്കുന്ന പ്രകടനമാണ് കേരളാബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്.
ഇരുപത്തിയാറാം മിനിറ്റിൽ ഹ്യൂഗോ ബൗമസാണ് എഫ്‌സി ഗോവക്ക് വേണ്ടി കളിയിലെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനയ്ക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് നാല്പത്തിയഞ്ചാം മിനിറ്റിൽ കോറോയുടെ അസിസ്റ്റിൽ ജാക്കിചന്ദ് സിംഗ് ഗോവക്കായി രണ്ടാം ഗോൾ നേടി. ആദ്യ പകുതിയിൽ ഗോവയുടെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി മറിഞ്ഞു.
രണ്ടാം പകുതിയിൽ കേരളാബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ നേടി സമനിലയിലെത്തി. അൻപത്തിമൂന്നാം മിനിറ്റിൽ ഓഗ്‌ബെച്ചെയുടെ അസിസ്റ്റിൽ മെസ്സി ബൗളിയും അറുപത്തിയൊമ്പതാം മിനിറ്റിൽ സിഡോയുടെ അസിസ്റ്റിൽ ഓഗ്‌ബെചെയും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി. എന്നാൽ കളിയുടെ അവസാനസമയത്ത് അഹമ്മദ് ജഹോയുടെ അസിസ്റ്റിൽ ബൗമസ് ഗോവൻ ടീമിനായി നേടിയ രണ്ടാമത്തെ ഗോൾ നേടി ഗോവ ജയവും, പോയിന്റ് നിലയിൽ ഒന്നമതും എത്തി. സമനിലഗോളിനായി അവസാനനിമിഷം വരെയും ബ്ലാസ്റ്റേഴ്‌സ് പരമാവധി ശ്രമിച്ചെങ്കിലും നേടാനായില്ല.






































