2020ലെ ആദ്യ ജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തിരണ്ടാം മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് മത്സരം നടക്കുന്നത്. രണ്ട് ടീമുകളുടെയും പതിനൊന്നാം മത്സരമാണിത്. ഈ സീസണിൽ ഏറ്റവും മോശം പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. ഹൈദരാബാദ് നിലവിൽ പോയിന്റ് പട്ടികയിൽ 10 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് പോയിന്റുമായി ഏറ്റവും അവസാനം പത്താം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുകളുമായി കേരളം ഒൻപതാം സ്ഥാനത്താണ്.

ഈ സീസണിൽ ഒരു വിജയം മാത്രമുള്ള ഹേദരബാദ് ആ വിജയം നേടിയത് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചാണ്. ഈ സീസണിലെ ഏറ്റവും മോശം പ്രതിരോധ റെക്കോർഡാണ് ഹൈദരാബാദിന് ഉള്ളത്. ഇതുവരെ 21 ഗോളുകൾ ആണ് അവർ വഴങ്ങിയത്. നേടിയ ഗോളുകളുടെ എണ്ണത്തിൽ ഹൈദ്രാബാദ് കേരളത്തിനൊപ്പമാണ്. പത്തു മത്സരങ്ങളിൽനിന്ന് ഇതുവരെ പത്തു ഗോളുകളാണ് ടീം നേടിയിട്ടുള്ളത്.കഴിഞ്ഞ ഒൻപത് മത്സരങ്ങളിൽ വിജയിക്കാത്ത കേരളാബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദിനെ തോൽപ്പിച്ച് പുതുയ വര്ഷം തുടങ്ങാൻ ആകും ശ്രമിക്കുക.ഒക്ടോബറിൽ എടിക്കെക്കെതിരായ ആദ്യ മത്സരത്തിന് ശേഷം മറ്റൊരു വിജയം കണ്ടെത്താനാകാത്ത ടീമിന് ഞായറാഴ്ചത്തെ വിജയം അനിവാര്യമാണ്. ആ വിജയം, കണക്കുകൾ പ്രകാരം ആദ്യ നാലാം സ്ഥാനത്തേക്കു പ്രവേശിക്കാനുള്ള നേരിയ പ്രതീക്ഷ ടീമിന് നൽകും.ലീഗിൽ ഇതുവരെ 10 ഗോളുകൾ നേടിയ കേരളം 14 ഗോളുകൾ വഴങ്ങി.






































