കേപ് ടൗണ്‍ ടെസ്റ്റ്:ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച
ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ്ങ് തകർച്ച. ഇംഗ്ലണ്ടിനെ 269 റൺസിൽ പുറത്താക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്ങ്സിൽ എട്ട് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 215-8 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്ക 54 റൺസ് പുറകിലാണ്. 13 റൺസ് എടുത്ത വെര്‍നോണ്‍ ഫിലാന്‍ഡർ ആണ് ക്രീസിൽ ഉള്ളത്. ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ (88), റീസ് വാന്‍ഡര്‍ ദുസാന്‍ (68) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. നാല് താരങ്ങൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കണ്ടത്. ഇംഗ്ളണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്‌സൺ മൂന്ന് വിക്കറ്റ് നേടിയപ്പോൾ, സ്‌റ്റുവര്‍ട്ട് ബ്രോഡ്, സാം കുറാന്‍ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക്ആദ്യം മുതൽ പിഴച്ചു. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റ് നഷ്ട്ടമായി. മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ അവർക്കായില്ല. ടോസ് നേടി ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ജോ റൂട്ട്(35), ഡൊമനിക്(34), ജോസ് ബട്ട്ലര്‍(29), ജോ ഡെന്‍ലി(38) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് 47 റൺസ് നേടി. പിന്നീട് ഒല്ലി പോപ്പിൻറെ ഒറ്റയാൾ പോരാട്ടം ആണ് അവരെ 250 കടത്തിയത്. ആന്‍റിച് നോര്‍ത്ജെ, പ്രിറ്റോറിയസ്,ഫിലാന്‍ഡര്‍, റബാഡ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി രണ്ട് വിക്കറ്റുകൾ വീതം നേടി.






































