പെയ്‌നിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്ന് കോച്ച് ലാംഗർ
സിഡ്നി: ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായകനായി ടിം പെയ്ൻ തന്നെ തുടരുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റേണ്ടേ ഒരു സാഹചര്യവും ഇപ്പം ഇല്ലെന്നും, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീമിനെ നയിക്കുന്നത് ടിം പെയിൻ തന്നെയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.“അദ്ദേഹത്തിന്റെ നേതൃത്വം മികച്ചതായതിനാൽ അദ്ദേഹത്തിന് കഴിയുന്നിടത്തോളം കാലം അദ്ദേഹം കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ലാംഗർ കൂട്ടിച്ചേർത്തു.

45-ാമത് നായകനായ സ്റ്റീവ് സ്മിത്തിനെ പന്ത് ചുരണ്ടാൽ വിവാദത്തിൽ 12 മാസത്തേക്ക് വിലക്കിയതിന് ശേഷം 2018 ൽ ഓസ്‌ട്രേലിയയുടെ 46-ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി ടിം പെയിനെ നിയമിക്കുകയായിരുന്നു. ടിം പെയിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ ടെസ്റ്റിൽ നടത്തുന്നത്. ആഷസ് പരമ്പര നേടുകയും, പാകിസ്ഥാനെയും , ന്യൂസിലൻഡിനെയും തോൽപ്പിക്കാനും അവർക്കായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയ രണ്ട് സ്ഥാനത്താണ്. ഒൻപത് കളികളിൽ നിന്ന് ആറ് ജയവും, രണ്ട് തോൽവിയും, ഒരു സമനിലയുമായിട്ടാണ് ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തെത്തിയത്. 256 പോയിന്റ് ആണ് ഓസ്‌ട്രേലിയക്ക് ഉള്ളത്.






































