ഐഎസ്എൽ: ഇന്ന് ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ നാൽപ്പത്തിരണ്ടാം മത്സരത്തിൽ ഇന്ന് ചെന്നൈയിൻ എഫ് സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7:30ന് ആണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളും കഴിഞ്ഞ മൂന്ന് കളികളിലും പരാജയം അറിഞ്ഞിട്ടില്ല. പോയിന്റ് നിലയിൽ ഏറ്റവും താഴെ ഉള്ള രണ്ട് ടീമുകൾ ആണ് ഇന്ന് നേർക്കുനേർ എത്തുന്നത്. എട്ടു കളികളില്‍നിന്നും 7 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സും ഏഴു കളികളില്‍നിന്നും 6 പോയന്റുള്ള ചെന്നൈയും സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്.
ബ്ലാസ്റ്റേഴ്‌സിനും, ചെന്നൈയ്ക്കും ഇതുവരെ ഒരു ജയം മാത്രമാണ് നേടാനായത്. പുതിയ പരിശീലകൻ എത്തിയിട്ടും ചെന്നൈയിൻ എഫ് സിക്ക് പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ മൂന്ന് കളികളിൽ പരാജയമില്ലെങ്കിലും മൂന്നിലും സമനിലയാണ്. മുമ്പ് 12 തവണ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ നാല് തവണ ജയം ചെന്നൈയിൻ എഫ് സിക്കൊപ്പം ആയിരുന്നു, മൂന്ന് തവണ മാത്രമാണ് കേരളത്തിന് ജയിക്കാനായത്. രണ്ട് തവണ കിരീട ജേതാക്കളായ ചെന്നെയിൻ എഫ് സിക്ക് ഈ സീസണിൽ താളം കണ്ടെത്താൻ ആയിട്ടില്ല.






































