മാഞ്ചസ്റ്റർ യുണൈറ്റഡിന് എവർട്ടനിൽ നാണംകെട്ട തോൽവി.
മഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദുര്യോഗം അതിൻറെ ഏറ്റവും വലിയ അതപതനത്തിൽ എത്തിയിരിക്കുന്നു. ഈസ്റ്റർ നാളിൽ കർത്താവ് ഉയർത്തെഴുന്നേറ്റു, മഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോഴും കുഴിയിൽ തന്നെ. കൂടുതൽ താഴോട്ട് പോയി എന്നു തോന്നുന്നു. ഗുഡിസൺ പാർക്കിൽ നാലു ഗോളിന് നാണംകെട്ട തോൽവി വാങ്ങി ടോപ് ഫോർ പ്രതീക്ഷകൾക്ക് അവർ ഉദകക്രിയ തുടങ്ങിക്കഴിഞ്ഞു.
ഒന്നിനൊന്ന് മികച്ചതായിരുന്നു എവർട്ടൻറെ നാല് ഗോളുകളും. 13ആം മിനിറ്റിൽ ഒരു ഇബ്രാഹിമോവിച് ടച്ചുള്ള ഗോളിലൂടെ റിച്ചാർലീസൺ അക്കൗണ്ട് തുറന്നു. ഇരുപത്തിയെട്ടാം മിനിറ്റിൽ ഗിൽഫി സിഗ്റഡ്സനും 56ആം മിനിറ്റിൽ ലൂക്കോസ് ഡിഗ്നിയും 20 യാർഡിൽ ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടുകൾക്ക് ഡേവിഡ് ഡി ഗെക്ക് മറുപടിയില്ലായിരുന്നു. കലാശക്കൊട്ട് എന്നപോലെ 64ആം മിനിറ്റിൽ തിയ വാൽക്കോട്ടിന്റെ സോളോ റൺ ഗോൾ. വെയിൽ റൂണിയുടെ പകരക്കാരനായി അവതരിപ്പിക്കപ്പെട്ട തൻറെ പ്രതിഭയ്ക്ക് മങ്ങൽ ഒന്നും ഏറ്റട്ടില്ല എന്ന് വാൽക്കോട്ട് വിളിച്ചുപറയുന്നു.
കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നുള്ള യുണൈറ്റഡിന്റെ ആറാം തോൽവിയാണിത്. പ്രീമിയർ ലീഗ് ചരിത്രത്തിലെ യുണൈറ്റഡിന്റെ ഏറ്റവും മോശം ഗോൾ കണ്സീഡിങ് റെക്കോർഡ് ആണ് ഇപ്പോൾ തുടരുന്നത്. ഇതുവരെ 48 ഗോൾ ഈ പ്രീമിയർ ലീഗ് സീസണിൽ അവർ വഴങ്ങി കഴിഞ്ഞു.
നാലാം സ്ഥാനത്തിന് രണ്ട് പോയിന്റ് അകലെ മാത്രമാണ് യുണൈറ്റഡ്. എന്നാൽ ആ രണ്ട് പോയിന്റ് ആയിരം കാതങ്ങൾ അകലെയാണ് നിൽക്കുന്നത് എന്ന് തോന്നിപ്പോകുന്നു. എത്തിപ്പിടിക്കാവുന്നതിനും അപ്പുറം. തോൽവിയോടെ യുണൈറ്റഡ് മാനേജർ ഒലെ ഗുണ്ണർ സോൾസ്ജർ വിമർശകരുടെ രൂക്ഷ പ്രതികരണങ്ങൾക്ക് വിധേയമാവുകയാണ്. പെർമനെന്റ മാനേജർ ആയതിന് ശേഷം സോൾസ്ജർ ഒരിക്കലും ഇത്രയും പരിതാപകരമായ തകരാൻ പാടില്ലായിരുന്നു. യുണൈറ്റഡ് കളിക്കാരുടെ ആറ്റിറ്റ്യൂഡും വിമർശനങ്ങൾ ചോദിച്ചു വാങ്ങുന്നു. പോഗ്ബയെ പോലുള്ള സൂപ്പർസ്റ്റാർ കളിക്കാരുടെ പ്രവർത്തി തോത്(work rate) അവർ പ്രകടിപ്പിക്കേണ്ടതിന്റെ പകുതി പോലും വരുന്നില്ല എന്നാണ് എല്ലാവരുടെയും വിമർശനം. മനോവീര്യം വല്ലാതെ തകർന്നിരിക്കുന്ന യുണൈറ്റഡ് ടീമിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സോൾസ്ജർ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടാവണം.