പകരം വീട്ടാൻ ഇന്ത്യ: ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്
വിശാഖപട്ടണം: ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മൽസരം നാളെ വിശാഖപട്ടണത്ത് നടക്കും. ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 1:30ന് ആണ് മൽസരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തോൽവിക്ക് മറുപടി നൽകാൻ ആകും ഇന്ത്യ ശ്രമിക്കുക. ആദ്യ മത്സരത്തിൽ ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ച വിൻഡീസ് തികഞ്ഞ ആത്മവിശ്വാസത്തിലാകും ഇന്ന് കളിക്കാനിറങ്ങുക. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ പൊള്ളാർഡും സംഘവും രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ആകും ശ്രമിക്കുക. ടി20 പരമ്പര ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മൽസരം നിർണായകമാണ്. ഇന്ന് ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആദ്യ മൽസരത്തിൽ സംഭവിച്ച തെറ്റുകൾ മനസിലാക്കി ടീമിൽ മാറ്റങ്ങൾ വരുത്തിയാകും ഇന്ന് ഇറങ്ങുക. ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ബൗളിങ്ങ് വളരെ മോശം ആയിരുന്നു. ഈ തെറ്റുകൾ മാറ്റി ടീമിൽ ചെറിയ അഴിച്ചുപണികൾ നടത്താൻ ആകും ഇന്ത്യ നോക്കുക. ഭുവനേശ്വർ കുമാർ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്തായത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.






































