പെര്‍ത്ത് ടെസ്റ്റ്: ന്യൂസിലൻഡ് പരാജയത്തിലേക്ക്
പെർത്ത്: ന്യൂസിലൻഡിൻറെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡ് പരാജയത്തിലേക്ക്. രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് ആറ് വിക്കറ്റ് നഷ്ടമായെങ്കിലും കൂറ്റൻ ലീഡ് ആണ് നേടിയിരിക്കുന്നത്. ഇതുവരെ 417 റണ്‍സിന്റെ ലീഡ് ആണ് ഓസ്ട്രേലിയ നേടിയിരിക്കുന്നത്. ഇന്ന് കളി അവസാനിച്ചപ്പോൾ ഓസ്ട്രേലിയ 167/6 എന്ന നിലയിലാണ്. എട്ട് റൺസുമായി മാത്യു വെയിടും, ഒരു റൺസുമായി പാറ്റ് കുമ്മിൻസുമാണ് ക്രീസിൽ. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ ജയം ഓസ്ട്രേലിയയ്ക്കൊപ്പം ആകും.53 റണ്‍സ് നേടിയ ജോ ബേണ്‍സ്, 50 റണ്‍സ് നേടിയ മാര്‍നസ് ലാബുഷെയ്ന് എന്നിവരാണ് ഓസ്ട്രേലിയക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ തിളങ്ങിയത്.
109-5 എന്ന നിലയിൽ ബാറ്റിങ്ങ് തുടങ്ങിയ ന്യൂസിലൻഡ് ഇന്നിന്നിങ്സ് 166 റൺസിൽ അവസാനിച്ചു. 80 റൺസ് നേടിയ റോസ് ടെയ്ലറുടെ തകർപ്പൻ ബാറ്റിങ്ങിൽ ആണ് ന്യൂസിലൻഡ് 150 കടന്നത്. 250 റൺസിന്റെ ലീഡ് ആണ് ഓസ്ട്രേലിയ ആദ്യ ഇന്നിങ്ങ്സിലൂടെ നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക് ആണ് ന്യൂസിലൻഡിന്റെ അന്തകനായത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 416 റൺസിൽ അവസാനിച്ചിരുന്നു. 143 റണ്‍സ് നേടിയ മാര്‍നസ് ലാബുഷെയ്ന്റെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ 416 റൺസ് നേടിയത്.






































