മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ജയിച്ചേ മതിയാകൂ. അത് ഒരു ഗോൾ വ്യത്യാസത്തിൽ ആണെങ്കിൽ പോലും അവർ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ബെർത്ത് ഉറപ്പാക്കും. തോൽപ്പിക്കേണ്ടത് സാക്ഷാൽ ബാർസലോണയെ. സാധ്യത വളരെ വിരളമാണ്. എന്നിരുന്നാലും, ഇത് ഫുട്ബോളാണ്, അനിശ്ചിതത്വങ്ങൾ കൊണ്ട് സമ്പുഷ്ടമായ കളി.
യുണൈറ്റഡിനെ കാത്തിരിക്കുന്ന വെല്ലുവിളി അവര് എങ്ങനെ നേരിടുമെന്ന കാണാൻ കാത്തിരിക്കുകയാണ് ലോകം. ലയണൽ മെസ്സിയുടെ ബാർസയെ അവരുടെ തട്ടകമായ ക്യാമ്പ് നൗവിൽ യുണൈറ്റഡ് മലർത്തി അടിക്കും എന്ന് വിശ്വസിക്കാൻ വയ്യ. കളിയുടെ സമസ്ത മേഖലയിലും ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബാഴ്സയെ കീഴടക്കാൻ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കളി പുറത്തിരിക്കേണ്ടി വരും യുണൈറ്റഡ് താരങ്ങൾക്ക്. ഇരുടീമുകളും താരതമ്യം ചെയ്യുമ്പോൾ ഗോൾകീപ്പർ ഡേവിഡ് ഡി ഗെയും മിഡ്ഫീൽഡർ പോൾ പോഗ്ബയും മാത്രമാണ് ബാർസ താരങ്ങളേക്കാൾ അൽപമെങ്കിലും മെച്ചപ്പെട്ട നിൽക്കുന്നത്. ബാക്കി ഒമ്പത് പൊസിഷനും ബാർസലോണ താരങ്ങൾക്ക് തീറെഴുതി കൊടുക്കാം.
ഒലെ ഗുണ്ണാർ സോൾസ്ജർ മാനേജർ സ്ഥാനം സ്ഥിരപ്പെടുത്തി വേടിച്ചതിനുശേഷം നടന്ന 6 കളിയിൽ നാലിലും യുണൈറ്റഡ് പരാജയപ്പെട്ടു കഴിഞ്ഞ. കുറച്ചു ദിവസങ്ങളായി യുണൈറ്റഡിനെ ചുറ്റിപ്പറ്റി കേൾക്കുന്ന ട്രാൻസ്ഫർ ഊഹാപോഹങ്ങൾ താരങ്ങളിൽ ആവശ്യത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട് എന്നത് സത്യം. മിന്നും ഫോമിൽ കളിച്ചിരുന്ന പോഗ്ബാ മാറ്റ ഹെരെരാ എന്നിവർ ഫോം ഇല്ലായ്മയിലേക്ക് വഴുതിവീണു. അത് ടീമിൻറെ മൊത്തം മനോവീര്യത്തെ യും ബാധിച്ചിട്ടുണ്ട്. എന്നാൽ പുതിയ മാനേജറിനു കീഴിലുള്ള പുതിയ യുണൈറ്റഡ് ആർജ്ജിച്ചെടുത്ത ആത്മവിശ്വാസം അവർക്ക് ഈ മത്സരത്തിൽ കൈമുതൽ ആകുമെന്ന് പ്രതീക്ഷിക്കാം. എത്ര വിവേകപൂർവം കളിച്ചാലും ബാർസയുടെ അടുത്ത വിജയിക്കണമെങ്കിൽ ചങ്കുപറിച്ചു കളിക്കാൻ തയ്യാറാവണം. യുണൈറ്റഡിൽ അതുണ്ട് എന്ന് വിശ്വസിക്കാം. ഹോൾഡിങ് മിഡ്ഫീൽഡിൽ ഫ്രണ്ടും മെക്ടോമിനിയും എല്ലാം മറന്നു കളിക്കുന്നു. ഫ്രണ്ടിൻറെ ആകസ്മികമായ മണ്ടത്തരങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ യുണൈറ്റഡ് മിഡ്ഫീൽഡ് ബാർസയ്ക്ക് തലവേദന സൃഷ്ടിക്കാം.
ലൂയിസ് സുവാരസ് ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവരുടെ വേഗം ഒന്നാം പാദത്തിൽ യുണൈറ്റഡിന് ചെറുതല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മെസ്സിയുടെ ഇടം കയ്യും വലംകൈയും ആയി അവർ കുതിക്കുമ്പോൾ ചെറുപ്പം തുളുമ്പുന്ന ലൂക്ക് ഷോയും ഡീഗോ ഡാലോട്ടും ആകണം സോൾസ്ജർ കാത്തുവച്ചിരിക്കുന്ന മറുമരുന്ന്. എത്ര നന്നായി കളിച്ചാലും മുന്നേറ്റനിര ഗോൾ കണ്ടെത്തുന്നതിലുള്ള പാളിച്ചയാണ് മഞ്ചസ്റ്ററിന്റെ ഏറ്റവും വലിയ പോരായ്മ. ലുക്കാക്കുവും റാഷ്ഫോർഡും ആ ബുദ്ധിമുട്ട് പരിഹരിക്കാൻ തീരുമാനിച്ചാൽ യുണൈറ്റഡിൽ നിന്ന് ഇന്ന് ഒരു ഫുട്ബോൾ ഇതിഹാസം പ്രതീക്ഷിക്കാം.