Top News

നാല് വർഷം വിലക്ക്: നടപടിക്കെതിരെ പ്രതിഷേധവുമായി റഷ്യ

December 10, 2019

author:

നാല് വർഷം വിലക്ക്: നടപടിക്കെതിരെ പ്രതിഷേധവുമായി റഷ്യ

ആന്റി-ഡോപ്പിംഗ് ഏജൻസി(വാഡ) റഷ്യയെ കായികരംഗത്ത് നിന്ന് നാല് വർഷത്തേക്ക് വിലക്കിയതിനെതിരെ പ്രതിഷേധവുമായി റഷ്യ രംഗത്തെത്തി. ഉത്തേജക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യയെ വിലക്കിയത്. വിലക്കിനെതിരെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുമെന്ന് റഷ്യന്‍ കായിക മന്ത്രി പാവേല്‍ കൊളോബ്‌കോവ് അറിയിച്ചു.പ്രശ്‌നം പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും , ഇത് രാഷ്ട്രീയ തീരുമാനമാണെന്നും റഷ്യ പറഞ്ഞു. 2019 ജനുവരിയില്‍  ആന്റി ഡോപിങ് ഏജന്‍സി (റുസാഡ) നല്‍കിയ റിപ്പോര്‍ട്ടില്‍ റഷ്യ കൃത്രിമം കാട്ടി എന്നതാണ് വിലക്കാനുള്ള പ്രധാന കാരണം. ഈ സാഹചര്യത്തിൽ റഷ്യൻ കൊടിയുടെ കീഴിൽ അടുത്ത നാല് വർഷത്തേക്ക് താരങ്ങൾക്ക് കളിക്കാൻ സാധിക്കില്ല.

ടോക്കിയോയിൽ വരാനിരിക്കുന്ന സമ്മർ ഒളിമ്പിക്സ്, 2022 ലെ ലോകകപ്പ്, ബീജിംഗിൽ നടക്കുന്ന വിന്റർ ഒളിമ്പിക്സ് തുടങ്ങിയ ഉയർന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ റഷ്യക്ക് കഴിയില്ലെന്ന് വാഡ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോപ്പിംഗ് എന്ന് സംശയിക്കപ്പെടുന്ന എല്ലാ റഷ്യൻ അത്‌ലറ്റുകളുടെയും പട്ടിക ഇപ്പോൾ തങ്ങളുടെ പക്കലുണ്ടെന്ന് വാഡ പറയുന്നു. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയിൽ ജയിക്കുന്ന താരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്ബിക്സില്‍ മത്സരിക്കാന്‍ സാധിക്കും.

Leave a comment