ഐഎസ്എൽ : ഇന്ന് ബംഗളൂരു എഫ്സി ഒഡീഷ പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ മുപ്പത്തിയൊന്നാം മൽസരത്തിൽ ബംഗളൂരു എഫ്സി ഒഡീഷയെ നേരിടും.പുണെയിലെ ശ്രീ ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7:30ന് ആണ് മൽസരം നടക്കുക. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബംഗളൂരു എഫ്സിക്ക് ഇന്ന് ജയിക്കാനായാൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്താം. രണ്ട് ടീമുകളുടെയും കഴിഞ്ഞ മത്സരം സമനിലയിലായിരുന്നു. ബംഗളുരു എഫ് സി ഹൈദരാബാദിനോടും, ഒഡീഷ ചെന്നൈയിൻ എഫ് സിയോടും ആണ് സമനില നേടിയത്. എന്നാലും ഇതുവരെ തോൽവിയറിയാതെ, ബ്ലൂസിന് 10 പോയിന്റുണ്ട്, അതേസമയം ജോസെപ് ഗൊംബാവുവിന്റെ ഒഡീഷ ആറാം സ്ഥാനത്താണ്. ഇതുവരെ ഒരു മത്സരം മാത്രമാണ് അവർ ജയിച്ചിട്ടുള്ളത്.
ഭുവനേശ്വർ ആസ്ഥാനമായുള്ള ഒഡീഷ ക്ലബ് കഴിഞ്ഞ നാല് മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല, എന്നിരുന്നാലും ഇതിൽ മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്. പ്രതിരോധം അവർക്ക് ഏറ്റവും വലിയ പോസിറ്റീവ് ആണ്. ആദ്യ മത്സരങ്ങളിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് അവർ ട്രാക്കിലേക്ക് എത്തി. എന്നിരുന്നാലും ജയം ഇല്ലാത്ത ഒഡീഷയ്ക്ക് ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ അവർക്ക് ആറ് പോയിന്റ് ആണ് ഉള്ളത്.ഇന്ത്യൻ യുവതാരങ്ങളായ ശുഭം സാരംഗി, ജെറി മാവിഹ്മിംഗ്തംഗ എന്നിവരാണ് ടീമിൻറെ ശക്തി. തുടർച്ചയായ മൂന്നാം ജയം തേടിയ ബംഗളുരുവിന് കഴിഞ്ഞ മത്സരത്തിൽ സമനിലയിൽ തൃപ്തിപ്പെടേണ്ടി വന്നു. ഇന്ന് ജയിച്ചാൽ അവർക്ക് പോയിന്റ് നിലയിൽ ഒന്നാമതെത്താൻ കഴിയും. ഒരു പരാജയം പോലും ഈ സീസണിൽ അവർക്കില്ല.ക്യാപ്റ്റൻ സുനിൽ ഛേത്രി അവരുടെ അവസാന മൂന്ന് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി. ഫോമിലേക്ക് തിരിച്ചെത്തുന്ന ഛേത്രി തന്നെയാണ് അവരുടെ ശക്തി.ഒഡീഷയ്‌ക്കെതിരായ ബെംഗളൂരുവിന്റെ ഏറ്റവും വലിയ ആക്രമണ താരമായിരിക്കും സുനിൽ ഛേത്രി.






































