സയ്യിദ് മുഷ്താഖ് അലി: കർണാടക-തമിഴ്‌നാട് ഫൈനൽ മത്സരം ഇന്ന്
സൂററ്റ് : സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ ഫൈനൽ മത്സരം ഇന്ന് നടക്കും. ഇന്ന് രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ കർണാടക ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ തമിഴ്‌നാടിനെ ആണ് ഫൈനലിൽ നേരിടുന്നത്. രണ്ട് ടീമുകളും തകർപ്പൻ പ്രകടനമാണ് ഇതുവരെ നടത്തിയത്. കർണാടക സെമിയിൽ ഹരിയാനയെയും, തമിഴ്‌നാട് രാജസ്ഥാനെയുമാണ് തോൽപ്പിച്ചത്. കെ എൽ രാഹുൽ, മായങ്ക് അഗർവാൾ അടങ്ങിയ കർണാടക ടീം അശ്വിനും, വാഷിങ്ങ്ടൺ സുന്ദറും അടങ്ങിയ തമിഴ്‌നാട് ടീമും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അരക്കൊപ്പം ജയം നിൽക്കുമെന്ന് കണ്ടറിയാം.
സെമിയിൽ ഹരിയാനയെ എട്ട് വിക്കറ്റിനാണ് കർണാടക തോൽപ്പിച്ചത്. കെ എൽ രാഹുൽ 66 റൺസും, ദേവ്ദത്ത് പാഡിക്കൽ 87 റൺസും നേടിയ മത്സരത്തിൽ കർണാടക താരം അഭിമന്യു മിഥുൻ ഒരോവറിൽ അഞ്ച് വിക്കറ്റ് ആണ് നേടിയത്. സൂററ്റിലെ ലാലഭായ് കോൺട്രാക്ടർ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. അഞ്ച് വിജയത്തോടെ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തിയ തമിഴ്‌നാട് സൂപ്പർ ലീഗ് പോരാട്ടത്തിൽ കർണാടകയോട് 9വിക്കറ്റിന് തോറ്റിരുന്നു. അതിനുള്ള മറുപടിയാകുമൊ ഫൈനൽ എന്ന് ഇന്നറിയാം.






































