Foot Ball Top News

ഐഎസ്‌എല്‍: ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈയിൻ എഫ് സി

November 26, 2019

author:

ഐഎസ്‌എല്‍: ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈയിൻ എഫ് സി

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിമൂന്നാം മത്സരത്തിൽ ഹൈദരാബാദ് എഫ് സിയെ തോൽപ്പിച്ച് ഈ സീസണിലെ ആദ്യ ജയം ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. ഇന്നലെ നടന്ന മൽസരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ് സി തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ചെന്നൈ നടത്തിയത്. അഞ്ചാം മത്സരത്തിലാണ് അവർ ആദ്യ ജയം സ്വന്തമാക്കിയത്. മൂന്ന് ഗോളുകളും പിറന്നത് അവസാന നിമിഷമാണ്.

നിരവധി മുന്നേറ്റങ്ങൾ ഉണ്ടായ മത്സരമാണ് ഇന്നലെ ചെന്നൈയിൽ നടന്നത്. ചെന്നൈ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഹൈദരാബാദ് നായകനും, ഗോൾ കീപ്പറുമായ കമല്‍ജിത്ത്  തടഞ്ഞ് ഹേദരബാദിനെ രക്ഷിച്ചു. മൽസരത്തിന്റെ അവസാന നിമിഷം വരെ ചെന്നൈ താരങ്ങളെ തടഞ്ഞു നിർത്താൻ ഹൈദരാബാദിനായി. രോഹിത് കുമാറും ബോബോയും റോബിന്‍ സിങ്ങും പല തവണ ചെന്നൈയുടെ ഗോൾ വലയിൽ എത്തിയെങ്കിലും ഗോൾ നേടാൻ ആയില്ല.

90 മിനിറ്റുകൾക്ക് ശേഷമാണ് കളിയുടെ ഗിയർ മാറിയത്. 92 ആം മിനിറ്റില്‍ ചെന്നൈയിൻ എഫ് സി താരം ആന്ദ്രെ ഷംബ്രി ആദ്യ ഗോൾ നേടി. സ്വന്തം തട്ടകത്തിൽ ഗോൾ നേടിയതോടെ ചെന്നൈ സ്റ്റേഡിയം ഇളകി മറിഞ്ഞു. മത്സരം ജയിച്ചെന്ന് ഉറപ്പിച്ച ചെന്നൈക്ക് ഇരുട്ടടി നൽകി 95 ആം മിനിറ്റിൽ ഹൈദരാബാദ് മറുപടി ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. മാത്യു കില്‍ഗാലന്‍ ആണ് ഹൈദരാബാദിന് വേണ്ടി ഗോൾ നേടിയത്. സമനിലയിൽ മത്സരം അവസാനിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിൽ ചെന്നൈ താരം വാല്‍ക്കിസ് വഴി 96 ആം മിനിറ്റിൽ വിജയ ഗോൾ നേടി. ജയത്തോടെ ചെന്നൈയിൻ എഫ് സി ഒൻപതാം സ്ഥാനത്തെത്തിയപ്പോൾ, ഹൈദരാബാദ് പത്താം സ്ഥാനത്തായി.

Leave a comment