ഐഎസ്എൽ: എടികെയെ സമനിലയില്‍ തളച്ച് ഒഡീഷ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാമത്തെ സീസണിലെ ഇരുപത്തിരണ്ടാം മത്സരത്തിൽ വമ്പൻ ടീമായ എടികെയെ സമനിലയിൽ തളച്ച ഒഡീഷ. നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ മത്സരത്തിൽ എടികെ ഒരു പോയിന്റും നേടി മടങ്ങി. ഗോൾ രഹിത സമനിലയിലാണ് മത്സരം പിരിഞ്ഞത്. ഒഡീഷ ഇന്നലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. റഫറിയുടെ മോശം തീരുമാനത്തിലാണ് മൽസരം സമനിലയിൽ ഒതുങ്ങിയത്. ഒഡീഷയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നൽകാതിരുന്നത് അവർക്ക് തിരിച്ചടിയായി.
നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്തയെ ഒഡീഷ പ്രതിരോധത്തിലൂടെ തടഞ്ഞു. മികച്ച ഡിഫൻസ് ആണ് അവർ കളിച്ചത്. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈയിൽ വെച്ചതും ഒഡീഷയായിരുന്നു.ഒഡീഷ തങ്ങളുടെ മത്സരങ്ങളിൽ തുടരെ തോൽവിയോടെയാണ് തുടങ്ങിയത്, എന്നാൽ അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടി. മുംബൈ സിറ്റി എഫ്സിക്കെതിരെ ആധിപത്യം പുലർത്തുകയും കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടുകയും ചെയ്തു. ഈ ആത്മവിശ്വാസത്തിലിറങ്ങിയ ഒഡീഷ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും ഗോൾ നേടാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇരു കൂട്ടരും അത് പാഴാക്കി. അഞ്ച് കളികളിൽ ഒരു തോൽവിയും, മൂന്ന് ജയവും, ഒരു സമനിലയുമായി 10 പോയിന്റ് നേടിയ എടികെ ഒന്നാം സ്ഥാനത്താണ് ഉള്ളത്. ഒഡീഷ ആറാം സ്ഥാനത്താണ് ഉള്ളത്.






































