നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- എഫ്സി ഗോവ മത്സരം സമനിലയിൽ അവസാനിച്ചു
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാമത്തെ സീസണിലെ പതിമൂന്നാം മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടിയ മത്സരം അവസാന മിനിറ്റ് വരെ ആവേശംനിറഞ്ഞതായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ജയം ഉറപ്പിച്ച മത്സരത്തിലാണ് ഗോവ അവസാന നിമിഷം ഗോൾ നേടി സമനില നേടിയത്. മത്സരത്തിൽ ഗോവ മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യം മുതൽ ആക്രമിച്ച് കളിച്ച ഗോവ ഗ്രൗണ്ടിൽ ആധിപത്യം പുലർത്തിയിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയതും ഗോവ ആയിരുന്നു.
മത്സരത്തിൻറെ മുപ്പത്തിയൊന്നാം മിനിറ്റിൽ ആണ് ജോയ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി 1-0 അവസാനിക്കുകയും ചെയ്തു. ഹ്യൂഗോ ബൗമൗസ് ആണ് ഗോവയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ് അവരുടെ ആദ്യ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. സമോവ ഗ്യാന്‍ ആണ് സമനില ഗോൾ നേടിയത്.
അതിന് ശേഷം 74-ാം മിനിറ്റില്‍ നോർത്ത് ഈസ്റ്റ് രണ്ടാം ഗോൾ നേടി മത്സരത്തിൽ ലീഡ് നേടി. മാര്ട്ടിന് കാവെസിന്റെ പാസില്‍ റെദീം ട്ളാംഗ് ആണ് ഗോൾ നേടിയത്. അതിന് ശേഷം ഗോവ ഗോളിനായി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ സീസണിലെ രണ്ടാം ജയം ഉറപ്പിച്ച നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ഇഞ്ചുറി ടൈമിലെ ആറാം മിനിറ്റിൽ ഗോവ സമനില ഗോൾ നേടി. മന്‍വീര്‍ സിംഗ് ആണ് ഗോവയ്ക്ക് വേണ്ടി സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ ഗോവൻ താരം ഡംഗലിന് ചുവപ്പ് കാർഡ് ലഭിച്ചു. ഇതോടെ പാട്ടജ് പേരായി ചുരുങ്ങിയ ഗോവ അവസാന നിമിഷം ഗോൾ നേടി നോർത്ത് ഈസ്റ്റിനെ സമനിലയിൽ തളച്ചു.






































