സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസ്
ഈ സീസണിൽ ആദ്യമായി സൂപ്പർ ഓവർ മത്സര ഫലം നിർണയിച്ചപ്പോൾ വിജയം ഡെൽഹിക്കൊപ്പം നിന്നു. നിശ്ചിത ഇരുപത് ഓവറിൽ ഇരു ടീമുകളും 185 റൺസ് എടുത്തതോടെയാണ് മത്‌സരം സൂപ്പർ ഓവേറിലേക്ക് നീങ്ങിയത്.
ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്സിന്റെത് മികച്ച തുടക്കമായിരുന്നില്ല. 10 ഓവറിൽ 61 റൺസ് എടുക്കുന്നതിനിടെ തന്നെ 5 മുൻനിര ബാറ്റ്‌സ്മാൻമാർ പവലിയനിലെത്തി. എന്നാൽ പത്താമത്തെ ഓവറിൽ ഒത്തുചേർന്ന നായകൻ ദിനേശ് കാർത്തിക്കും ആന്ദ്രേ റസ്സലും തമ്മിലുള്ള കൂട്ടുകെട്ട് പതിനെട്ടാം ഓവറിലെ അവസാന പന്തിൽ അവസാനിക്കുമ്പോൾ കൊൽക്കത്ത പൊരുതാവുന്ന സ്‌കോറിൽ എത്തിക്കഴിഞ്ഞിരുന്നു. ഈ മത്സരവും ചേർത്ത് കഴിഞ്ഞ മൂന്നു മത്സരങ്ങളിലും റസ്സൽ തന്നെയായിരുന്നു കൊൽക്കത്തയുടെ രക്ഷകൻ. ഇത്തവണ നായകന്റെ പിന്തുണയുണ്ടായിരുന്നു റസ്സലിനു. ആറു തവണയാണ് റസ്സൽ കാണികളുടെ ഇടയിലേക്ക് പന്ത് എത്തിച്ചത്. 28 പന്തിൽ 62 റൺസ് എടുത്തു റസ്സൽ പുറത്താകുമ്പോഴേക്കും നായകനൊപ്പം ചേർന്ന് അദ്ദേഹം 95 റൺസ് കൂട്ടിച്ചേർത്തിരുന്നു. അർധശതകം തികച്ച ഉടൻ തന്നെ കാർത്തിക്കും പുറത്തായി. പിന്നീട് കുൽദീപും പിയൂഷ് ചൗളയും ചേർന്ന് സ്കോർ 185 ൽ എത്തിക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ രണ്ടു വിക്കറ്റ് നേടിയ ഹർഷത് പട്ടേലിന്റെ പ്രകടനം മികച്ചു നിന്നു.
മറുപടി ബാറ്റിങ്ങിൽ ശിഖർ ധവാനെ തുടക്കത്തിലേ നഷ്ടമായെങ്കിലും പ്രിത്വി ഷായും നായകൻ ശ്രെയസ് അയ്യരും ചേർന്ന് ഡൽഹിയെ സുരക്ഷിത നിലയിൽ എത്തിച്ചു. 43 റൺസ് എടുത്ത് അയ്യർ പുറത്തായ ശേഷം പ്രിത്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ്ങിനാണ് ഡൽഹി ഫിറോസ് ഷാ കൊട്ട്ല സാക്ഷ്യം വഹിച്ചത്. പക്ഷെ തന്റെ ആദ്യ ഐപിഎൽ സെഞ്ചുറിക്ക് 1 റൺ അകലെ പ്രിത്വി ഷാ പുറത്തായത് നിരാശയുണ്ടാക്കി. 55 പന്തിൽ 12 ബൗണ്ടറിയും 3 സിക്സും അടക്കം 99 റൺസ് ആയിരുന്നു പ്രിത്വി ഷായുടെ സമ്പാദ്യം. അനായാസം ജയിക്കുമെന്ന് തോന്നിച്ചിടത്തു നിന്ന് പ്രിത്വിഷായുടെ പുറത്താകലോടെ ഡൽഹി പരുങ്ങലിൽ ആയി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന 6 റൺസ് കുൽദീപ് യാദവ് ശക്തമായി പ്രധിരോധിച്ചതോടെ കളി സമനിലയിൽ ആയി.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് വേണ്ടി ശ്രെയസ് അയ്യരും ഋഷഭ് പന്തും ബാറ്റിങിനിറങ്ങി. 6 പന്തിൽ ഡൽഹി 10 റൺസ് എടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്ക് വേണ്ടി ക്രീസിൽ എത്തിയത് വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസ്സലും നായകൻ ദിനേശ് കാർത്തിക്കും ആയിരുന്നു. എന്നാൽ ലോകത്തിലെ തന്നെ മികച്ച ഡെത്ത് ഓവർ ബൗളർമാരിൽ ഒരാളായ റബാഡയുടെ മുന്നിൽ അവർ മുട്ട് മടക്കി. 7 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്.






































