രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റണ്‍സിനും തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി
മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. രണ്ടാം ടെസ്റ്റും ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ ഇന്നിംഗ്സിനും 137 റണ്‍സിനും ആണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ദക്ഷിണാഫ്രിക്ക അടിയറവ് പറയുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 275 റൺസിൽ അവസാനിച്ചിരുന്നു. ഇതോടെ ഇന്ത്യക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യ 189 റൺസിന് ഓൾഔട്ടാക്കി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റുകൾ വീതം നേടി.
നാലാം ദിവസമായ ഇന്ന് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് റൺസ് എടുക്കുന്നതിന് മുമ്പ് തന്നെ നഷ്ട്ടമായി. പിന്നീട് വിക്കറ്റുകൾ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി. ഇത്തവണയും വാലറ്റം രക്ഷക്കായി എത്തിയെങ്കിലും കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഡീൻ എലഗർ(48), ടെംബ ബാവുമ(38), വെർനോൺ ഫിലാൻഡർ(37) കേശവ് മഹാരാജ്(22) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക വേണ്ടി കളിച്ചത്.
36/3 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി.ക്വിന്റണ്‍ ഡിക്കോക്കും, ഫാഫ് ഡുപ്ലെസിയും ചേർന്ന് ചെറിയ ഒരു ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും ഇവരുടെ കൂട്ടുകെട്ട് 75 റൺസിൽ അവസാനിച്ചു. എന്നാൽ ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യം 109 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ദക്ഷിണാഫ്രിക്ക 275 റൺസിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റ് നേടിയപ്പോൾ, ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി.
273/3 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രഹാനെ 59 റൺസ് നേടി പുറത്തായതിന് ശേഷം കോഹ്‌ലിയും , ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. 91 റൺസ് നേടിയ ജഡേജ പുറത്തായപ്പോൾ ആണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. 225 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 336 പന്തില്‍ 33 ബൗണ്ടറിയും, 2 സിക്സറുമടക്കം 254 റൺസ് ആണ് കൊഹ്‌ലി നേടിയത്. തൻറെ ഏഴാം ഇരട്ട സെഞ്ചുറിയാണ് കൊഹ്‌ലി ഇന്നലെ നേടിയത്.
സ്‌കോർ:
ഇന്ത്യ: 601 ഡിക്ലയർ
ദക്ഷിണാഫ്രിക്ക: 275-10, 189-10