യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ക്രൊയേഷ്യ മൂന്ന് ഗോളുകൾക്ക് ഹംഗറിയെ തോൽപ്പിച്ചു
ഇന്നലെ നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ക്രൊയേഷ്യ ഹംഗറിയെ തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ക്രൊയേഷ്യ വിജയിച്ചത്. ജയത്തോടെ ക്രൊയേഷ്യ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിൽ ആണ്. മൽസരത്തിൽ ക്രൊയേഷ്യ ആണ് ആധിപത്യം പുലർത്തിയത്. തകർപ്പൻ പാസുകളും, ഡിഫൻസും കൊണ്ട് ക്രൊയേഷ്യൻ താരങ്ങൾ ഗ്രൗണ്ടിൽ നിറഞ്ഞു നിന്നു.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ ലൂക്ക മോഡ്രിക് ക്രൊയേഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. ഹംഗറിയുടെ ഡിഫൻഡർ കാദറിനെ വെട്ടിച്ചാണ് ആദ്യ ഗോൾ ലൂക്ക നേടിയത്. പിന്നീട് രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ആയിരുന്നു. 24,42 എന്നീ മിനിറ്റുകളിലാണ് ബ്രൂണോ ഗോളുകൾ നേടിയത്. 32,110 കാണികൾ അണിനിരന്ന മത്സരത്തിൽ ക്രൊയേഷ്യ തകർപ്പൻ പ്രകടനമാണ് ഇന്നലെ നടത്തിയത്. അമ്പത്തി നാലാം മിനിറ്റിൽ ക്രൊയേഷ്യക്ക് ലഭിച്ച പെനാൽറ്റി അവർക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആറ് കളികളിൽ നാല് വിജയവുമായി 13 പോയിന്റ് ആണ് ക്രൊയേഷ്യക്ക് ഇപ്പോൾ ഉള്ളത്.






































