ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുമായി ചർച്ചകളൊന്നു൦ നടന്നിട്ടില്ല : ആഞ്ചലോട്ടി
ദേശീയ ടീം പരിശീലക സ്ഥാനം സംബന്ധിച്ച് ബ്രസീൽ ഫുട്ബോൾ ഫെഡറേഷനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട്, ഈ സീസണിൽ റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് നയിക്കുന്നതിലാണ് തന്റെ പൂർണ്ണ ശ്രദ്ധയെന്ന് ആഞ്ചലോട്ടി ഊന്നിപ്പറഞ്ഞു.
അദ്ദേഹം പറഞ്ഞു, “ഞാൻ ബ്രസീലിനെ ബഹുമാനിക്കുന്നു, പക്ഷേ , ബ്രസീൽ ഫെഡറേഷനും ഞാനും തമ്മിൽ ഒരു ചർച്ചയും നടന്നിട്ടില്ല. എന്റെ പൂർണ്ണ ശ്രദ്ധ റയൽ മാഡ്രിഡിലാണ്.” റയൽ മാഡ്രിഡുമായി കരാറിലാണെന്നും ക്ലബ്ബുമായി ട്രോഫികൾ നേടുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആഞ്ചലോട്ടി പരാമർശിച്ചു.
ബ്രസീൽ ദേശീയ ടീമുമായുള്ള തന്റെ ഭാവി സാധ്യതകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുന്നതിനിടെയാണ് ആഞ്ചലോട്ടിയുടെ പരാമർശം. എന്നിരുന്നാലും, തന്റെ നിലവിലെ പ്രതിബദ്ധത റയൽ മാഡ്രിഡിനൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി.