ഐഎസ്എൽ : കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർ തോൽവി, ടീമിന്റെ നില കൂടുതൽ പരുങ്ങലിലേക്ക്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തുടർ തോൽവി. കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മത്സരത്തിൽ നിലവിലെ ലീഗ് ടോപ്പേഴ്സ് മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. അവസാന മിനിറ്റുകളിലെ കൂട്ടപ്പൊരിച്ചിലിൽ യെല്ലോ ആർമി ലീഡ് കൈവിട്ടു. സ്പാനിഷ് തന്ത്രജ്ഞൻ ജോസ് മോളിനയുടെ ടീമിനായി ജെ. മക്ലറെൻ (33′), ജെ. കമ്മിംഗ്സ് (86′), ആൽബെർട്ടോ റോഡ്രിഗസ് (90+5′) എന്നിവർ ഗോൾ നേടി. സ്വീഡിഷ് കോച്ച് മിക്കേൽ സ്റ്റാറെയുടെ ടീമിന് വേണ്ടി ജീസസ് ജിമെനെസ് (51′), എം. ഡ്രിൻസിച്ച് (77′) എന്നിവരും ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങി മത്സരത്തിന്റെ ഗതിനിർണയിച്ച മോഹൻ ബഗാന്റെ മലയാളി ഫുട്ബോളർ ആഷിഖ് കുരുണിയനാണ് ഇന്നത്തെ മത്സരത്തിലെ മികച്ച താരം.
ഇന്നത്തെ ജയത്തോടെ മോഹൻ ബഗാൻ സൂപ്പർ ജയന്റ് പതിനൊന്ന് മത്സരങ്ങളിൽ നിന്നും എട്ട് ജയവും രണ്ട് സമനിലയും ഒരേയൊരു തോൽവിയുമായി 26 പോയിന്റുകൾ നേടി ഐഎസ്എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആകട്ടെ, പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയുമായി 11 പോയിന്റുകളുമായി പത്താം സ്ഥാനത്തും.
ഐഎസ്എല്ലിന്റെ നിലവിലെ സീസണിൽ സ്വന്തം ഹോമിൽ അപരാജിതരായ മോഹൻ ബഗാൻ ഇന്നത്തെ മത്സരത്തിലെ ജയത്തോടെ ആ ആധിപത്യം ഊട്ടിയുറപ്പിക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയുടെ തുടക്കത്തിലുള്ള ആധിപത്യം കേരളത്തിന് നിലനിർത്താൻ സാധിച്ചക്കാതിരുന്നതും രണ്ടാം പകുതിയിൽ ലീഡ് നേടിയ ശേഷം തുടരെ ഗോളുകൾ വഴങ്ങിയതും വിനയായി. ഇന്നത്തെ തോൽവിയോടെ, ലീഗിൽ ടീമിന്റെ നില കൂടുതൽ പരുങ്ങലിലേക്ക് മാറി.