Foot Ball ISL Top News

ആദ്യ പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങേണ്ടി വന്നത് ടീമിന്റെ കുതിപ്പിനെ തടയിട്ടെന്ന് മിക്കേൽ സ്റ്റാറെ

December 8, 2024

author:

ആദ്യ പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങേണ്ടി വന്നത് ടീമിന്റെ കുതിപ്പിനെ തടയിട്ടെന്ന് മിക്കേൽ സ്റ്റാറെ

 

ഇന്ത്യൻ സൂപ്പ് ലീഗിൽ ആവേശോജ്ജ്വലമായ സതേൺ റൈവൽറിയിൽ ബെംഗളൂരു എഫ്‌സിക്കെതിരെ തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. സുനിൽ ഛേത്രിയുടെ ഹാട്രിക്ക് പിറന്ന ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലൂസിന്റെ ജയം രണ്ടിനെതിരെ നാല് ഗോളുകൾക്ക്.

ബെംഗളൂരു എഫ്‌സിക്കായി ഛേത്രിയുടെ ഹാട്രിക്കിനൊപ്പം (8′, 73′, 90+8′) റയാൻ വില്യംസ് (38) ഗോൾ നേടി. കേരള ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമെനസ് (56), ഫ്രെഡി ലല്ലാവ്മ (67) എന്നിവർ വലകുലുക്കി. ജയത്തോടെ ബ്ലൂസ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.

ബെംഗളുരുവിനേക്കാൾ അവസരങ്ങൾ സൃഷ്ടിക്കുകയും ഷോട്ടുകൾ എടുക്കുകയും ചെയ്‌തെങ്കിലും, താരങ്ങൾ ക്ലിനിക്കൽ ആകാതിരുന്നത് യെല്ലോ ആർമിക്ക് തിരിച്ചടിയായി. ഒപ്പം, മധ്യനിരയിൽ നിന്നും വിബിൻ മോഹനൻ പരിക്കിനെ തുടർന്ന് മത്സരത്തിനിടെ കളം വിട്ടതും ടീമിനെ ബാധിച്ചു. അവസാനത്തെ ആറ് മത്സരങ്ങളിലെ അഞ്ചാമത്തെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സിനിത്.

ആദ്യ പകുതിയുടെ തുടക്കത്തിൽ ഗോൾ വഴങ്ങേണ്ടി വന്നത് ടീമിന്റെ കുതിപ്പിനെ തടയിട്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ വ്യക്തമാക്കി. ആ ഗോൾ ടീമിന് സമ്മർദ്ദമുണ്ടാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര ശേഷം ബംഗളുരുവിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

“അതെ, അവർ ഞങ്ങളെക്കാൾ കുറച്ചുകൂടി നന്നായി കളിച്ചെന്ന് ഞാൻ കരുതുന്നു. ഒരുപാട് മികച്ചതല്ല, പക്ഷെ അവർ വളരെ കൃത്യത കൂടുതലായിരുന്നു. പ്രത്യേകിച്ചും ആദ്യത്തെ ഗോൾ. അത് നല്ലൊരു ക്രോസും മികച്ച ഫിനിഷുമായിരുന്നു. ഛേത്രി തീർച്ചയായും ഇന്ന് മികച്ചുനിന്നു.”

“ഫാർ പോസ്റ്റിൽ അദ്ദേഹം മാത്രമായിരുന്നു, അവിടെ നിന്നുമൊരു പെർഫെക്റ്റ് ഹെഡർ. അത് ആദ്യ പകുതിയുടെ ബാക്കി ഭാഗങ്ങളെ കാര്യമായി സ്വാധീനിച്ചു. ആ ഗോൾ നൽകിയ സമ്മർദ്ദത്തിലായിരുന്നു ടീമെന്ന് ഞാൻ കരുതുന്നു. ആദ്യ പകുതിയിൽ ഏകദേശം തുല്യമായിരുന്നു കളി. ശേഷം, മധ്യനിരയ്ക്ക് സമീപം ഒരു ഡ്യൂവൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടതിലൂടെ, അവർ രണ്ടാമത്തെ ഗോൾ നേടി. അതൊരു മികച്ച ഫിനിഷിങ് ആയിരുന്നു.” – മിക്കേൽ സ്റ്റാറെ പറഞ്ഞു.

Leave a comment