ബെംഗളൂരു എഫ്‌സിയുടെ സ്വന്തം മണ്ണിൽ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി സ്വന്തം മണ്ണിൽ ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടുമ്പോൾ മറ്റൊരു തെന്നിന്ത്യൻ റൈവലറിക്ക് കൂടി കളമൊരുങ്ങുന്നു. ഡിസംബർ ഏഴിന് രാത്രി 7:30ന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം ഹോമിൽ ഒരു മത്സരത്തിൽ പോലും തോൽവി നേരിടാതെയാണ് ബെംഗളൂരു കുതിക്കുന്നത്. കേരളത്തിനാകട്ടെ, ലീഗിലേക്ക് തിരിച്ചുവരുന്നതിനും ഭാവി മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയെടുക്കാനും നിർണായകമാണ് തങ്ങളുടെ ലീഗിലെ 200-ാം മത്സരം കൂടിയായ ഇത്.
സീസണിലെ ആദ്യത്തെ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയവും രണ്ട് സമനിലയും രണ്ട് തോൽവിയുമായി 20 പോയിന്റുകളോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് സുരക്ഷിതരാണ് ബെംഗളൂരു എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആകട്ടെ, പത്ത് മത്സരങ്ങളിൽ നിന്നും മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോൽവിയുമായി 11 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്.
അവസാന അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളുരുവിലിറങ്ങുന്നത്. സ്വന്തം ഹോമിൽ ഒക്ടോബർ അവസാനം ബെംഗളുരുവിനോട് തോറ്റ ടീം തുടർച്ചയായി രണ്ട് തോൽവികൾ കൂടി വഴങ്ങി. അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് മൂന്ന് ഗോളിന്റെ മാർജിനിൽ ജയിക്കാൻ സാധിച്ചെങ്കിലും അവസാന മത്സരത്തിൽ ഗോവയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
ബെംഗളൂരുവാകട്ടെ അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് നേടിയത് രണ്ട് ജയം. ഒരു ഗോൾ പോലും വഴങ്ങാതെ, ആദ്യ അഞ്ച് മത്സരങ്ങളിൽ അജയ്യരായി കുതിച്ച ബ്ലൂസ്, ആറാം മത്സരത്തിൽ കൊച്ചിയിൽ യെല്ലോ ആർമിയോട് ജയിച്ചെങ്കിലും ആദ്യമായി ഗോൾ വഴങ്ങി. തുടർന്നുള്ള നാല് മത്സരങ്ങളിൽ മൊഹമ്മദെൻ എസ്‌സിക്കെതിരെ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. നോർത്ത്ഈസ്റ്റിനോട് സമനിലയും ഗോവയോടും അവസാന മത്സരത്തിൽ ഒഡീഷയോടും തോൽവി വഴങ്ങി. അവസാന അഞ്ചിൽ ഒരു ക്ലീൻ ഷീറ്റ് പോലും നിലനിർത്താൻ സാധിച്ചിട്ടുമില്ല.