ചൈന മാസ്റ്റേഴ്‌സ്: പി വി സിന്ധു, ലക്ഷ്യ സെൻ, മാളവിക ബൻസോദ് രണ്ടാം റൗണ്ടിൽ കടന്നു.
ഇന്ത്യയുടെ ബാഡ്മിൻ്റൺ താരങ്ങളായ പി വി സിന്ധു, ലക്ഷ്യ സെൻ, മാളവിക ബൻസോദ് എന്നിവർ ബുധനാഴ്ച ഇവിടെ നടക്കുന്ന ബിഡബ്ള്യുഎഫ് വേൾഡ് ടൂർ സൂപ്പർ 750 ടൂർണമെൻ്റായ ചൈന മാസ്റ്റേഴ്സിൻ്റെ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
പുരുഷ സിംഗിൾസിൽ, പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ പോരാട്ടത്തിൻ്റെ പുനരാവിഷ്‌കാരത്തിൽ മലേഷ്യയുടെ ലീ സി ജിയയ്‌ക്കെതിരെ ലക്ഷ്യ സെൻ സുപ്രധാന വിജയം നേടി. ഇത്തവണ 57 മിനിറ്റിൽ 21-14, 13-21, 21-13 എന്ന സ്‌കോറിനാണ് ഇന്ത്യൻ താരം വിജയിച്ചത്.
ഡെൻമാർക്കിൻ്റെ ലൈൻ കെയർസ്‌ഫെൽഡിനെതിരെ ഒരു മണിക്കൂർ 14 മിനിറ്റ് ദൈർഖ്യമുള്ള ത്രില്ലറിനെ അതിജീവിച്ച് മാളവിക ബൻസോഡും മതിപ്പുളവാക്കി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 20-22, 23-21, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യൻ ഷട്ടിൽ വിജയിച്ചത്. അടുത്ത റൗണ്ടിൽ തായ്‌ലൻഡിൻ്റെ സുപനിദ കറ്റെത്തോങ്ങിനെ നേരിടും.
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ പി വി സിന്ധു 50 മിനിറ്റ് നീണ്ട മത്സരത്തിൽ തായ്‌ലൻഡിൻ്റെ ബുസാനൻ ഒങ്‌ബംരുങ്‌ഫാനെ 21-17, 21-19 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ലോക 11-ാം നമ്പർ താരത്തിനെതിരായ 21 ഏറ്റുമുട്ടലുകളിൽ സിന്ധുവിൻ്റെ 20-ാം വിജയമായി ഇത് അടയാളപ്പെടുത്തി, അവരുടെ ആധിപത്യം കൂടുതൽ ഉറപ്പിച്ചു. 16ാം റൗണ്ടിൽ സിംഗപ്പൂരിൻ്റെ യോ ജിയാ മിന്നിനെതിരെ വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിനാണ് സിന്ധു ഇപ്പോൾ തയ്യാറെടുക്കുന്നത്.