Foot Ball ISL Top News

ഐഎസ്എൽ 2024-25: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം

October 26, 2024

author:

ഐഎസ്എൽ 2024-25: കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം

 

ഇന്ത്യൻ സൂപ്പർ ലീഗിൽ സതേൺ റൈവൽറിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്‌സിക്ക് വിജയം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്ലൂസിന്റെ വിജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്. ബെംഗളുരുവിനായി പകരക്കാരനായി എത്തിയ എഡ്ഗാർ മെൻഡസ് രണ്ട് ഗോളുകളും മുൻ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ഹോർഹെ ഡയസ് ഒരു ഗോളും നേടി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത് പെനാൽറ്റിയിലൂടെ ജീസസ് ജിമെൻസാണ്. ജയത്തോടെ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ഒരു സമനിലയുമായി അപരാജിതരായി ബെംഗളൂരു എഫ്‌സി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയവും തോൽവിയും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്തെത്തി.

മത്സരത്തിൽ ജയം ബെംഗളുരുവിന് ഒപ്പമായിരുന്നെങ്കിലും ആധിപത്യം പുലർത്തിയത് കേരളമായിരുന്നു. പതിനൊന്ന് അവസരങ്ങളാണ് കേരളം സൃഷ്ടിച്ചത്. ബെംഗളൂരുവാകട്ടെ രണ്ടെണ്ണം മാത്രം. എതിർ ബോക്സിൽ 25 ടച്ചുകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയപ്പോൾ, ബ്ലൂസ് അഞ്ചെണ്ണത്തിൽ ഒതുങ്ങി. പതിഞ്ചോളം ഷോട്ടുകൾ ഉതിർത്ത ബ്ലാസ്റ്റേഴ്സിന് ലക്ഷ്യത്തിൽ എത്തിക്കാനായത് ആറെണ്ണം. ആറ് ഷോട്ടുകൾ മാത്രമുതിർത്ത ബെംഗളൂരു മൂന്നെണ്ണം ലക്ഷ്യം കണ്ടു. അവ മൂണും ഗോളിലും അവസാനിച്ചു.

മൊഹമ്മദിനെതിരെ ജയം നേടിയ ടീമിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങിയത്. നോഹ സദൗയി, രാഹുൽ കെപി, മുഹമ്മദ് അസ്ഹർ എന്നിവർക്ക് പകരം ഹോർമിപം റൂയിവ, ഡാനിഷ് ഫാറൂഖ്, ക്വാമെ പെപ്ര എന്നിവർ ആദ്യ നിരയിൽ ഇടംപിടിച്ചു. ഫ്രെഡി ലല്ലാവ്മ, മുഹമ്മദ് ഐമെൻ, മുഹമ്മദ് ജസീൻ, ലാൽതൻമാവിയ റെന്ത്‌ലി എന്നിവർ ബെഞ്ചിലും ഇടം പിടിച്ചു.

പഞ്ചാബിനെതിരെ ജയിച്ച ടീമിൽ നിന്നും ബെംഗളൂരു എഫ്‌സിയും മൂന്ന് മാറ്റങ്ങൾ നടത്തി. രോഹിത് ധനു, എഡ്ഗർ മെൻഡസ് എന്നിവർക്ക് പകരക്കാരായി അലക്‌സാണ്ടർ ജോവാനോവിച്ച്, സുനിൽ ഛേത്രി, വിനിത് വെങ്കിടേഷ് ആദ്യ പതിനൊന്നിലേക്കെത്തി. മോനിറുൾ മൊല്ല പകരകകരുടെ നിരയിലുമെത്തി.

മത്സരം തുടങ്ങി ആദ്യ പത്ത് മിനിറ്റിനുള്ളിൽ കേരളം ഗോൾ വഴങ്ങി. ഒൻപതാം മിനിറ്റിൽ പ്രീതം കൊട്ടാലിൽ നിന്നുണ്ടായ പിഴവ് മുതലെടുത്ത ഹോർഹെ ഡയസ് ഗോൾ നേടി. പ്രതിരോധത്തിൽ നിന്നും മുന്നിലേക്ക് പാസ് ചെയ്യാൻ ശ്രമിച്ച പരിതത്തിൽ നിന്നും പന്ത് റാഞ്ചിയെടുത്ത്, ഡയസ് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സോമിന് മുകളിലൂടെ ചിപ്പ് ചെയ്ത വലയിലേക്കെത്തിച്ചു. സ്കോർ 0-1. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായിരുന്ന ഡയസ്, ടീമിനെതിരെ കൊച്ചിയിൽ നേടുന്ന രണ്ടാമത്തെ ഗോൾ കൂടിയാണിത്. മുൻ ഗോൾ നേട്ടം 2022 ൽ മുംബൈക്കൊപ്പമായിരുന്നു.

ആദ്യ ഗോൾ വീണതോടെ, കേരള ബ്ലാസ്റ്റേഴ്‌സ് ഉണർന്നു കളിച്ചു. തുടർ, ആക്രമങ്ങളുമായി ബെംഗളുരുവിന്റെ പ്രതിരോധ നിരയെ പലവട്ടം ഭീതിയിലാഴ്ത്തി. ജീസസ് പത്താമത്തെ മിനിറ്റിലെടുത്ത ഷോട്ട്, ക്രോസ് ബാറിൽ തട്ടി പുറത്തേക്ക് പോയി. തുടർന്നുള്ള മിനിറ്റുകളിൽ ക്വമെ പെപ്രയും നവോച്ചയും വിബിനും ഗുർപ്രീത് കാക്കുന്ന വലയ്ക്ക് നേരെ നിറയൊഴിച്ചെങ്കിലും, ലക്ഷ്യം കണ്ടില്ല. മികച്ച കളി കാഴ്ചവെക്കുന്നുണ്ടെങ്കിലും ഗോൾ അകന്നു നിന്നു.ഇരുപത്തിയൊമ്പതാം മിനിറ്റിൽ ബെംഗളൂരു എഫ്‌സിയുടെ ബോക്സിനു തൊട്ട് മുന്നിലായി രാഹുൽ ഭേകെയുടെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്ന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാൻ, പക്ഷെ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞില്ല. മുപ്പത്തിമൂന്നാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും പെപ്ര തൊടുത്ത ക്രോസിൽ തലവെക്കുന്നതിൽ ജീസസിന് പിഴിച്ചു.

ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, പന്തുമായി കുതിച്ച ക്വമെ പെപ്രയെ രാഹുൽ ഭേക്കെ പെനാൽറ്റി ഏരിയയിൽ വീഴ്ത്തി. റഫറി കേരളത്തിന് അനുകൂലമായി പെനാൽറ്റി വിളിച്ചു. ഷോട്ട് എടുത്ത ജീസസിന് പിഴച്ചില്ല. തുടർച്ചയായി, അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേട്ടങ്ങളുമായി മിന്നിയ ബെംഗളൂരു ഈ സീസണിൽ ലീഗിലെ ആദ്യ ഗോൾ വഴങ്ങി. സ്കോർ 1-1. ആദ്യ പകുതി അവസാനിക്കുമ്പോൾ, ഏറ്റവും കൂടുതൽ പന്ത് കൈവശം വെച്ചതും ഷോട്ടുകൾ ഉതിർത്തതും കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു.

ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളും രണ്ടാം പകുതിയെ സമീപിച്ചത്. ബ്ലാസ്റ്റേഴ്സിൽ ഡാനിഷ് ഫറൂഖിന് പകരം ഫ്രഡ്‌ഡി ലല്ലാവ്മയും ബംഗളുരുവിൽ വിനീത് വെങ്കിടേഷിന് പകരം രോഹിത് ധനു കളത്തിലെത്തി. ആദ്യ പകുതിയിലെ ആക്രമണത്തിന് തുടർച്ചയാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. ബെംഗളുരുവിനായി അൻപത്തിമൂന്നാം മിനുട്ടിൽ നിഖിൽ പൂജാരിക്ക് പകരം ലാൽറെംത്ലുഗ ഫനായിയും അറുപത്തിമൂന്നാം മിനിറ്റിൽ ഗോൾ സ്‌കോറർ ഡയസിന് പകരം എഡ്ഗാർ മെൻഡസും കളത്തിലെത്തി. അറുപത് മിനിട്ടുകൾക്ക് ശേഷം മത്സരത്തിലേക്ക് പതിയെ തിരിച്ചു വന്ന ടീം രണ്ടാമത്തെ ഗോൾ കണ്ടെത്തി. എഴുപത്തിമൂന്നാം മിനിറ്റിൽ വലത് വിങ്ങിൽ നിന്നും ആൽബെർട്ടോ നൊഗേര എടുത്ത ബെംഗളുരുവിന്റെ ഫ്രീകിക്ക്‌ ബ്ലാസ്റ്റേഴ്‌സ് ബോക്സ് ലക്ഷ്യമാക്കി നീങ്ങി. പന്ത് ഗോൾകീപ്പർ സോമിന്റെ കയ്യിലെത്തിയെങ്കിലും, താഴേക്ക് വഴുതി. മുന്നിലെത്തിയ എഡ്ഗാർ മെൻഡസ് പന്ത് ബോക്സിലേക്ക് തട്ടിയിട്ടു. കൊച്ചിയിൽ ബ്ലൂസ് വീണ്ടും മുന്നിലെത്തി. സ്കോർ 1-2. രണ്ടാമത്തെ ഗോൾ വഴങ്ങിയതോടെ സന്ദീപിന് പകരം രാഹുൽ കെപി കളികളത്തിലെത്തി.

എൺപത് മിനിട്ടുകൾക്ക് ശേഷം മത്സരത്തിന്റെ ഗതി തിരിക്കാനുള്ള തുടർച്ചയായ അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. ലൂണയുടെ ത്രൂ പാസുമായി ബെംഗളൂരു ബോക്സിലേക്ക് കുതിച്ച് പെപ്രയെടുത്ത ഷോട്ട് ഗോൾ വലയ്ക്ക് സമീപം അപകടമുണ്ടാക്കാതെ കടന്നു പോയി. രണ്ട് മിനിട്ടുകൾക്ക് ശേഷം ജീസസ് നൽകിയ പാസിൽ പെപ്രയെടുത്ത ഷോട്ട് ഗുർപ്രീത് തട്ടിയകറ്റി. തുടർന്ന്, കാണികളെ ഞെട്ടിച്ച ഒരു മാറ്റമുമായി സ്റ്റാറെ രംഗത്തെത്തി. മധ്യ നിരയിൽ നിന്നും കോഫിനെ പിൻവലിച്ച്, ആക്രമണത്തിന് കുന്തമുനയാകാൻ പ്രതിരോധ താരം മീലൊസ് ഡ്രിൻസിച്ചിനെ മുന്നെത്തിൽ എത്തിച്ചു. വിങ്ങിലെ താരങ്ങൾ നിരന്തരമായി നൽകുന്ന ക്രോസുകളെ ലക്ഷ്യം വെച്ചായിരുന്നു മിക്കേൽ സ്റ്റാറെയുടെ ഈ നീക്കം. എൺപത്തിനാലാം മിനിറ്റിൽ ആക്രമണത്തിന് മൂർച്ചയേകാൻ, ബെംഗളൂരു എഫ്‌സി സുരേഷ് സിംഗിനെ പിൻവലിച്ച് മുഹമ്മദ് സാലയെ കളത്തിലെത്തിച്ചു.

അവസാന മിനിറ്റുകളിൽ ബെംഗളൂരു പ്രതിരോധത്തെ തുടർ ഷോട്ടുകളുമായി ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചെങ്കിലും ഗോൾ അകന്നു നിന്നു. കേരളത്തിന്റെ താരങ്ങൾ ബെംഗളൂരിവിന്റെ ബോക്സ് കേന്ദ്രീകരിച്ചത് ബ്ലൂസിന് മൂന്നാം ഗോളിന് വഴിയൊരുക്കി. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ നിന്നും മലയാളി താരം മുഹമ്മദ് സല തൊടുത്ത ലോങ്ങ് പാസ് പിടിച്ചെടുത്ത് കുതിച്ച എഡ്ഗാർ മെൻഡസ്, ബോക്സിൽ നിന്നും മുന്നറ്റ കുതിച്ചെത്തിയ സോം കുമാറിനെ വെട്ടിച്ച് പന്ത് വലയിലെത്തിച്ചു. സ്കോർ 1-3. ഇന്നത്തെ വിജയത്തോടെ ബെംഗളൂരു എഫ്‌സി ലീഗിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടർന്നു. ആദ്യത്തെ ആറ് മത്സരങ്ങളിലും അവർ തോൽവിയറിഞ്ഞിട്ടില്ല.

മഹാരാഷ്ട്രയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നവംബർ മൂന്നിന് മുംബൈ സിറ്റി എഫ്‌സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബെംഗളൂരുവാകട്ടെ ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നവംബർ രണ്ടിന് എഫ്‌സി ഗോവയെയും നേരിടുന്നു.

Leave a comment