ലീഡ് എടുത്ത ശേഷം, മത്സരം കൈവിട്ടുകളഞ്ഞതിൽ വേദനയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ
ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ശേഷം, മത്സരം കൈവിട്ടുകളഞ്ഞതിൽ വേദനയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ. ഗെയിംപ്ലാൻ കൃത്യവുമി പാലിച്ച് കളിച്ചെന്നും, വഴങ്ങിയ ഗോളുകൾ അർഹിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം മാച്ച് വീക്കിൽ ഒഡീഷ എഫ്സിക്കെതിരായ സമനിലക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മൈക്കേൽ സ്റ്റാറെ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം ലീഗിൽ സമനില വഴങ്ങുന്നത്.
“ഒഡീഷ മികച്ചൊരു ടീമാണ്. ഗെയിം പ്ലാൻ കൃത്യമായി പാലിച്ചുകൊണ്ട് ഞങ്ങൾ നന്നായി കളിച്ച് തുടങ്ങി. അതിവേഗത്തിൽ ഞങ്ങൾ ആക്രമിച്ചു കളിച്ചു. ഒരു ടീമെന്ന നിലയിൽ, വഴങ്ങിയ ആ രണ്ട് ഗോളുകൾ ഞങ്ങൾ അർഹിച്ചിരുന്നില്ല. കളിക്കുന്നതിനിടയിൽ, എവിടെനിന്നോ ഞങ്ങൾ ആ ഗോൾ വഴങ്ങി. എതിർ ടീം ഗോൾ നേടുമ്പോൾ, കളിയുടെ വേഗത തീർച്ചയായും കുറയും, പ്രത്യേകിച്ച് അവർ (ഒഡീഷ) അവരുടെ ഹോമിൽ ആരാധകർക്ക് മുന്നിൽ കളിക്കുമ്പോൾ. കുറച്ച് മിനിറ്റുകളിൽ ഞങ്ങളുടെ പ്രതിരോധം മന്ദഗതിയിലായി, അവർ മത്സരത്തിലേക്ക് തിരികെയെത്തി.” – അദ്ദേഹം പറഞ്ഞു.
“രണ്ട് ഗോളുകളുടെ ലീഡ് കൈവിടുന്നത് വേദനാജനകമായിരുന്നു. എന്നാൽ, രണ്ടാം പകുതിയിലെ താരങ്ങളുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. സാധാരണയായി, രണ്ട് ഗോളുകളുടെ ലീഡെടുത്ത് നന്നായി കളിക്കുന്നതിനിടെ ആക്കം നഷ്ടപ്പെടുമ്പോൾ, ഒപ്പം ഊർജം പ്രസരിപ്പും നഷ്ടപ്പെടാനും കാരണമാകും. പക്ഷെ, ഞങ്ങൾക്കത് സംഭവിച്ചില്ല. ഞങ്ങൾ പോരാടി, ഞങ്ങൾ പ്രെസ് ചെയ്തു, ഒരു നല്ല ടീമിനെതിരെ കളിച്ചിട്ടും ഞങ്ങൾ വലിയ അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെ ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നിലപാട് എന്തെന്ന് കാണിച്ചുകൊടുത്തു.” – അദ്ദേഹം കൂട്ടിച്ചേർത്തു.