ഐഎസ്എൽ: കലിംഗ സ്റ്റേഡിയത്തിൽ ആദ്യ ജയം കുറിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്
കലിംഗ സ്റ്റേഡിയത്തിൽ ആദ്യ ജയം കുറിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷക്കെതിരായ മത്സരം പിരിഞ്ഞത് സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. രണ്ട് ഗോളുകൾ ലീഡ് എടുത്ത ശേഷമാണ്, കേരളം ആദ്യ പകുതിക്ക് മുന്നോടിയായി തന്നെ സമനില വഴങ്ങിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും നോഹ സദൗയി ഗോൾ നേടിയപ്പോൾ കൊമ്പന്മാരുടെ രണ്ടാം ഗോൾ നേടിയത് ജീസസ് ജിമെനെസാണ്. രണ്ട് ഗോളുകൾക്ക് പുറകിലായ ശേഷം, ബ്ലാസ്റ്റേഴ്സ് താരം അലക്സാന്ദ്രേ കോയഫിന്റെ സെൽഫ് ഗോളിൽ ഊർജം കണ്ടെത്തിയ ഒഡീഷയുടെ രണ്ടാം ഗോൾ പിറന്നത് ഡീഗോ മൗറീഷ്യോയിലൂടെയാണ്. നിരന്തര ആക്രമണങ്ങളിലൂടെയാണ് ഇരുടീമുകളും മത്സരത്തിൽ ആധിപത്യം പുലർത്തിയത്.
ഒഡീഷയെടുത്ത ഷോട്ടുകളിൽ നാലെണ്ണം ലക്ഷ്യത്തിലെത്തിയപ്പോൾ പത്തെണ്ണം പുറത്തേക്ക് പോയി. ബ്ലാസ്റ്റേഴ്സിനാകട്ടെ മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചു. വിങ്ങുകളിലൂടെ കളിമെനഞ്ഞ ബ്ലാസ്റ്റേഴ്സ് 24 ക്രോസുകളാണ് ഒഡീഷയുടെ പെനാൽറ്റി ഏരിയയിൽ എത്തിച്ചത്. അവസാന മത്സരത്തിലെ ആദ്യ പതിനൊന്നിൽ മാറ്റങ്ങൾ ഒന്നും കൂടാതെയാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന്റെ സ്ക്വാഡുകൾ പ്രഖ്യാപിച്ചത്. ഒഡീഷ നിരയിൽ സേവിയർ ഗാമ പകരക്കാരുടെ നിരയിലേക്കെത്തി. ഒഡീഷ എഫ്സി: അമരീന്ദർ സിംഗ്, അമേയ് റാണവാഡെ, പ്യുട്ടീയ, ഹ്യൂഗോ ബൗമസ്, ഡീഗോ മൗറീഷ്യോ, അഹമ്മദ് ജാഹൂ, മൊർതദ ഫാൾ, ജെറി മാവിഹ്മിംഗ്താംഗ, ജെറി ലാൽറിൻസുവാല, ഐസക് റാൾട്ടെ, തോയ്ബ സിംഗ്