Foot Ball ISL Top News

തിരിച്ചുവരവ് ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് : വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയം

September 23, 2024

author:

തിരിച്ചുവരവ് ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് : വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയം

ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശ വിജയം. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജയം. സമനിലയിൽ പിരിഞ്ഞ ആദ്യപകുതിക്ക് ശേഷം, മൂന്ന് ഗോളുകൾ പിറന്ന ആവേശപൂർണമായ രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാളിന് വേണ്ടി വിഷ്ണു പിവിയും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നോഹ സദൗയിയും ക്വമെ പെപ്രയും ഗോളുകൾ നേടി. നോഹയാണ് കളിയിലെ താരം. സീസണിലെ ആദ്യ വിജയം കരസ്ഥമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനെതിരെ ഗുവാഹത്തിയിലാണ്. ഈസ്റ്റ് ബംഗാളാകട്ടെ അടുത്ത മത്സരത്തിൽ കൊൽക്കത്തയിൽ എഫ്‌സി ഗോവക്ക് എതിരെയിറങ്ങും.

നാല് മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പതിനൊന്നിന്റെ ഭാഗമായിരുന്ന മുഹമ്മദ് സഹീഫ്, മുഹമ്മദ് ഐമൻ, ക്വമെ പെപ്ര, ഫ്രഡ്‌ഡി ലല്ലാവ്മമ എന്നിവർക്ക് പകരം വിബിൻ മോഹനൻ, കഴിഞ്ഞ മത്സരത്തിൽ ആശ്വാസ ഗോൾ നേടിയ ജീസസ് ജിമിനെസ്, ഡാനിഷ് ഫാറൂഖ്, നവോച്ച സിംഗ് എന്നിവർ കളത്തിലിറങ്ങി. ഈസ്റ്റ് ബംഗാളിലാകട്ടെ ഹിജാസി മഹെർ, ലാൽ ചുങ്‌നുംഗ, സൗവിക് ചക്രവർത്തി എന്നിവർക്ക് പകരം അൻവർ അലി, മദിഹ് തലാൽ, മാർക്ക് സോതൻപുയ ആദ്യ ലൈനപ്പിലെത്തി.

ആദ്യ പകുതിയിൽ പ്രതിരോധത്തിൽ നിന്നും ട്രാന്സിസ്ഷനിലൂടെ ബ്ലാസ്റ്റേഴ്‌സ് കളം പിടിച്ചു. എട്ടാം മിനിറ്റിൽ ലഭിച്ച സുവർണാവസരം ലക്ഷ്യത്തിൽ എത്തിക്കാൻ പക്ഷെ ടീമിന് കഴിഞ്ഞില്ല. മധ്യനിരയിൽ നിന്ന് വൺ ടച്ച് പാസുകളിലൂടെ മുന്നേറിയ ടീമിൽ നിന്ന് പന്ത് ഡാനിഷിലേക്കും അവിടെ നിന്ന് ബോക്സിനുള്ളിൽ ജീസസിനും ലഭിച്ചു. വലത്തേക്ക് മുറിച്ചു കടന്ന് വലം കാലുകൊണ്ട് വലത്തേ പോസ്റ്റിലേക്ക് ഷോട്ട് എടുത്തെങ്കിലും ക്രോസ് ബാറിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. വിങ്ങുകളിൽ നിന്ന് തുടർ ക്രോസുകൾ ഈസ്റ്റ് ബംഗാൾ ബോക്സിലേക്ക് എത്തി. പക്ഷെ, ഒരെണ്ണം പോലും ലക്ഷ്യത്തിലെത്തിക്കാൻ കൊമ്പന്മാർക്ക് കഴിഞ്ഞില്ല. അൻപത്തിയൊമ്പതാം മിനിറ്റിൽ മഹേഷിന്റെ പകരക്കാരനായി കളിക്കളത്തിലിറങ്ങിയ മലയാളി താരം വിഷ്ണു പിവി മത്സരത്തിന്റെ ഗതി മാറ്റിയെഴുതി. ബ്ലാസ്റ്റേഴ്സിന്റെ ഓഫ് കെണി തകർത്തുകൊണ്ട് പന്തുമായി കുതിച്ച ഡിമി ഡയമന്റക്കൊസ്, ബോക്സിലേക്ക് നൽകിയ പന്ത് മലയാളി യുവതാരം വിഷ്ണു പിവി പിഴവില്ലാതെ വലയിലേക്ക് എത്തിച്ചു. സ്കോർ 0-1.

എന്നാൽ, ഈസ്റ്റ് ബംഗാളിന്റെ ആഘോഷങ്ങൾ അധികനേരം നീണ്ടു നിന്നില്ല. നാൾ മിനിറ്റുകളിൽ കേരളം സമനില ഗോൾ നേടി. നോഹ സദൗയിലൂടെ അതിഗംഭീരമായി കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരികെയെത്തി. നവോച്ചയിൽ നിന്ന് ലഭിച്ച പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ കുതിച്ച നോഹ, ബംഗാളിന്റെ പ്രതിരോധ താരം രാകിപ്പിനെ വെട്ടിയൊഴിഞ്ഞ് പ്രയാസമേറിയ ഒരു ആംഗിളിൽ മുൻ ഗോൾഡൻ ബൂട്ട് ജേതാവ് പ്രഭ്‌സുഖൻ സിംഗ് ഗില്ലിനെ നിഷ്പ്രഭമാക്കി വലയിലേക്കെത്തിച്ചു. സ്കോർ 1-1 ഗോളിന് ശേഷം, സന്ദീപ് സിങ്ങിനെയും ഡാനിഷ് ഫറൂഖിനെയും മാറ്റി ഐബാനെയും മുന്നേറ്റത്തിൽ ഐമനെയും കളിക്കളത്തിലേക്ക് എത്തിച്ചു. ഈസ്റ്റ് ബംഗാളാകട്ടെ ഡിമിത്രിയോസ് ഡയമന്റാകോസിനെ പിൻവലിച്ച് ക്‌ളീറ്റൻ സിൽവയെ ഇറക്കി. രണ്ടാം പകുതിയിൽ പരുക്കേറ്റ വിബിന് പകരം അസർ മധ്യനിരയിലെത്തി, ജീസസിന് പകരം പെപ്രയുമെത്തി.

76-ാം മിനിറ്റിൽ ടീമിനെ മുന്നിലെത്തിക്കാൻ ഐമാണ് സുവർണാവസരം ലഭിച്ചു. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലെ വിടവ് മുതലെടുത്ത് ബ്ലാസ്റ്റേഴ്‌സ് നടത്തിയ ആക്രമണം എത്തിയത് ഐമന്റെ കാലുകളിൽ. പക്ഷെ, താരമെടുത്ത ഷോട്ട് ബോക്സിനു സമീപത്തുകൂടി അപകടമേതും കൂടാതെ കടന്നുപോയി. ആക്രമണത്തിന് മൂർച്ചകൂട്ടി മത്സരത്തിന്റെ ഗതി തിരികെ പിടിക്കാനായി 82-ാം മിനിറ്റിൽ മൂന്ന് മാറ്റങ്ങൾ ഈസ്റ്റ് ബംഗാൾ നടത്തി. ജീക്സൺ സിങ്, നന്ദകുമാർ ശേഖർ, മാർക്ക് സോതൻപുയ എന്നിവർക്ക് പകരം സൗവിക് ചക്രബർത്തി, അമൻ സികെ, ഗുർസിമ്രത് ഗിൽ എന്നിവർ കളത്തിലിറങ്ങി. 88-ാം മിനിറ്റിൽ പെപ്ര കേരളത്തിന്റെ രക്ഷകനായി ഉദിച്ചു. മുഹമ്മദ് ഐമനിൽ നിന്നും ലഭിച്ച പന്ത് ഗോൾ കീപ്പർക്ക് അനങ്ങാൻ പോലുമുള്ള അവസരമുണ്ടാക്കാതെ പെപ്ര ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1. മത്സരത്തിലാകെ കേരളത്തിന്റെ താരങ്ങൾ എടുത്ത ആകെ രണ്ട് ഷോട്ടുകളും അവസാനിച്ചത് ഗോളിലാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്റ്റാറേയുടെ പകരക്കാർ മത്സരത്തിന്റെ ഗതി തിരിച്ചുവിടുന്നതിനാണ് കൊച്ചിയിലെ കാണികൾ സാക്ഷ്യം വഹിച്ചത്.

Leave a comment