“ഞങ്ങൾ തിരിച്ചുവരും, പക്ഷേ ഈ നിമിഷം കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്.”: മൈക്കൽ സ്റ്റാറെ
ഇന്നലത്തെ മത്സരത്തിലെ ഫലം വേദനിപ്പിച്ചെന്നും ഈ തോൽവി കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാൽ, ലീഗിലേക്ക് തിരികെ വരുമെന്നും വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് മൈക്കൽ സ്റ്റാറെ. 2024-25 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോടേറ്റ പരാജയത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. “ഞാൻ പോസിറ്റീവാണ്, പക്ഷെ, ഇപ്പോൾ ഈ തോൽവി കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്. എന്നാൽ ഞങ്ങൾ തിരിച്ചുവരും, പക്ഷേ ഈ നിമിഷം കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്.” – അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ തിരുവോണനാളിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്‌സിയോട് കേരളം അടിയറവ് പറഞ്ഞത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. കേരളത്തിന്റെ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച പഞ്ചാബ്, ടീമിനെ സമ്മർദ്ദത്തിലാക്കി. മിസ്‍പാസുകളും ഉന്നം തെറ്റിയ ഷോട്ടുകളുമായി ആദ്യ പകുതി തീർത്തും വിരസമായിരുന്നു. ഇരു ടീമുകളും ശരാശരിയിൽ താഴെ കാഴ്ചവെച്ച ആദ്യ പകുതി അവാനിച്ചത് ഗോൾരഹിതമായി. എങ്കിലും, കേരള ബ്ലാസ്റ്റേഴ്സിന്റെ ബോക്സിൽ പലതവണ അപകടം വിതക്കാൻ പഞ്ചാബിനായി. ആദ്യ മിനിറ്റുകളിൽ തന്നെ ഇരു ടീമുകളുടെയും പ്രകടനം തുല്യമാണെന്ന് മനസിലാക്കിതായി സ്റ്റാറെ പറഞ്ഞു. ” ആദ്യ സെക്കൻഡ് മുതൽ അവസാന സെക്കൻ്റ് വരെയുള്ള മത്സരത്തെപ്പറ്റിയുള്ള എൻ്റെ കാഴ്ചപ്പാട് നിങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ പത്ത് – പതിനഞ്ച് മിനുട്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം ഇരു ടീമുകളും തുല്യമായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തിലാണ് പഞ്ചാബ് കളിയുടെ പിടിമുറുക്കിയെന്ന് ഞാൻ കരുതുന്നു. അതുവരെ കളിക്കാരുടെ ആത്മവീര്യം കുറവായിരുന്നു. അവരെ എതിരാളികളായി കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല. ചില അപകടകാരികളായ സെറ്റ് പീസുകൾ മാത്രമാണ് ആ സമയം കാണാൻ കഴിഞ്ഞത്. എന്നാൽ പൊതുവെ അതിൽ വേവലാതിപ്പെടേണ്ട കാര്യങ്ങൾ ഇല്ലായിരുന്നു.” – അദ്ദേഹം വ്യക്തമാക്കി.