ഐഎസ്എൽ : തിരുവോണനാളിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി
തിരുവോണനാളിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളത്തിന് തോൽവി. കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്ക് എതിരെ തോൽവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. മിസ് പാസുകൾ കളം പിടിച്ച മത്സരത്തിൽ തൊണ്ണൂറു മിനുറ്റുകളിൽ കാണികൾക്ക് സമ്മാനിച്ചത് വിരസമായ നിമിഷങ്ങൾ.
എന്നാൽ, അവസാന മിനിറ്റുകളിൽ മത്സരത്തിന്റെ ഗതിമാറി. 84-ാം മിനിറ്റിൽ തനിക്ക് ലഭിച്ച പെനാൽറ്റി ആശങ്കയൊന്നുമില്ലാതെ പഞ്ചാബിന്റെ ലൂക്ക മജ്‌സെൻ ലക്ഷ്യത്തിൽ എത്തിച്ചു. ഇഞ്ചുറി ടൈമിൽ കേരളം ജീസസിലൂടെ സമനില ഗോൾ കണ്ടെത്തിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ ഫിലിപ്പ് പഞ്ചാബിന്റെ വിജയ ഗോൾ നേടി. ക്യാപ്റ്റൻ ലൂണയുടെ അഭാവം കേരളത്തിന്റെ പ്രകടനത്തെയും ടീമിന്റെ തുലനതയെയും സാരമായി ബാധിച്ചു. മധ്യനിരയിൽ നിഖിൽ പ്രഭുവിന്റെ പ്രകടനമായിരുന്നു പഞ്ചാബിന് നിർണായകമായത്. ഇന്റർസെപ്ഷനുകളുമായി താരം തിളങ്ങിയത് കേരളത്തിന്റെ മുന്നേറ്റത്തിന് തടസമായി.
കൂടാതെ, ബ്ലാസ്റ്റേഴ്സിൽ നിന്നും വായ്‌പ അടിസ്ഥാത്തിൽ പഞ്ചാബിലെത്തിയ യുവതാരം നിഹാൽ സുധീഷ് കൊമ്പന്മാർക്ക് തലവേദനയായി. താരത്തിന്റെ സ്വാഭാവികമായ ആക്രമണോൽസുകത കേരള താരങ്ങളുമായി കയ്യാങ്കളിയുടെ ഘട്ടത്തിൽ വരെയെത്തി. നിഹാൽ സുധീഷാണ് മത്സരത്തിലെ മികച്ച താരത്തിനുള്ള അവാർഡ് നേടിയത്.
സെപ്റ്റംബർ 22-ന് ഈസ്റ്റ് ബംഗാൾ എഫ്‌സിക്ക് എതിരെ കൊച്ചിയിൽ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. സെപ്റ്റംബർ 20-ന് ന്യൂ ഡൽഹിയിലെ സ്വന്തം മൈതാനത്തിൽ ഒഡിഷ എഫ്‌സിക്ക് എതിരെ പഞ്ചാബ് ഇറങ്ങും.