റയല്‍ – മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം സമനിലയില്‍ കലാശിച്ചു
ചാമ്പ്യന്‍സ് ലീഗ് സീസണിലെ ഏറ്റവും മികച്ച മല്‍സരം ആയിരുന്നു ഇന്നലെ മാഡ്രിഡില്‍ നടന്നത്.ചൊവ്വാഴ്ച സ്പാനിഷ് തലസ്ഥാനത്ത് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ആവേശകരമായ 3-3 സമനിലയിൽ പിരിഞ്ഞു.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ സിറ്റിയുടെ ബെർണാഡോ സിൽവ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു നാടകീയമായ തോല്‍വി റയല്‍ ഏറ്റുവാങ്ങും എന്നു കരുതി എങ്കിലും ചാമ്പ്യന്‍സ് ലീഗ് രാത്രികളില്‍ റയലിനെ എഴുതി തള്ളുന്നത് മണ്ടത്തരം ആണ് എന്നു ഇന്നലെ വീണ്ടും തെളിഞ്ഞു.
സിറ്റിയെ കൊണ്ട് കളിപ്പിക്കുകയും കൌണ്ടര്‍ ഗെയിമിലൂടെ ആക്രമിക്കുകയും ചെയ്ത മാഡ്രിഡ് 14 മിനുറ്റ് ആവുമ്പോഴേക്കും രണ്ടു ഗോള്‍ തിരിച്ചടിച്ചു.ഒരു ഗോള്‍ ഡിയാസിന്റെ ദേഹത്ത് തട്ടി തെറിച്ചപ്പോള്‍ റോയല്‍ വൈറ്റ്സിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത് റോഡ്രിഗോ ആണ്.രണ്ടാം പകുതിയില്‍ വളരെ മികച്ച തിരിച്ചുവരവ് ആണ് സിറ്റി താരങ്ങള്‍ നടത്തിയത്.ബോക്സിന് ഉള്ളിലേക്ക് കയറ്റി വിടാന്‍ റയല്‍ പ്രതിരോധം സമ്മതിക്കാതെ ഇരുന്നപ്പോള്‍ ബോക്സിന് വെളിയില്‍ നിന്നു നേടിയ രണ്ടു ഷോട്ടുകളിലൂടെ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഫില്‍ ഫോഡന്‍,ഗ്വാര്‍ഡിയോള്‍ എന്നിവര്‍ ആണ് സിറ്റിക്ക് ബ്രേക്ക് നല്കിയത്.ജയിച്ചു എന്നു വിചാരിച്ചിരിക്കെ 79 ആം മിനുട്ടില്‍ വലിയ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ഫെഡെ വാല്‍വറഡേയ് സ്കോര്‍ വീണ്ടും സമനിലയില്‍ എത്തിച്ചു.