തുടര്‍ച്ചയായി ആറാം തവണ എഫ്എ കപ്പ് സെമിഫൈനലിൽ എത്തി മാഞ്ചസ്റ്റര്‍ സിറ്റി
ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-0ന് തോൽപ്പിച്ച തുടർച്ചയായി ആറ് എഫ്എ കപ്പ് സെമിഫൈനലുകളിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി.ബെർണാഡോ സിൽവയുടെ ഇരട്ട ഗോളുകള്‍ക്ക് ആണ് പെപ്പും സംഘവും നന്ദി പറയേണ്ടത്.കഴിഞ്ഞ വാരാന്ത്യത്തിൽ ലിവർപൂളുമായുള്ള സമനില മല്‍സരത്തില്‍ നിന്നും മാറ്റങ്ങൾ വരുത്തിയാണ് സിറ്റി കളിയ്ക്കാന്‍ ഇറങ്ങിയത്.
30 മിനുട്ടില്‍ തന്നെ രണ്ടു ഗോള്‍ ലീഡ് നേടിയ സിറ്റി ന്യൂ കാസിലിനെ മല്‍സരത്തില്‍ ഉയരാന്‍ സമ്മതിച്ചിട്ടില്ല.36-ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസാക്ക് ഗോള്‍ നേടുന്നതിന്റെ അടുത്ത് വരെ എത്തി എങ്കിലും മികച്ച സേവോടെ ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗ സിറ്റി വല കാത്തു.അതിനു ശേഷം സിറ്റിക്കെതിരെ ചെറു വിരല്‍ അനക്കാന്‍ പോലും ന്യൂ കാസില്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.ആധിപത്യത്തോടെ ജയം നേടി എങ്കിലും എർലിംഗ് ഹാലൻഡും ജെറമി ഡോക്കുവും അനേകം അവസരങ്ങള്‍ പാഴാക്കിയത് സിറ്റിക്ക് തലവേദന സൃഷ്ട്ടിക്കുന്നുണ്ടാകും.