ഒറ്റ ഗോളില്‍ കടിച്ചു തൂങ്ങി ബയേണ്‍ മ്യൂണിക്ക്
കഴിഞ്ഞയാഴ്ച വെർഡർ ബ്രെമനുമായുള്ള ഹോം തോൽവിയിൽ നിന്ന് കരകയറി ബയേണ്‍ മ്യൂണിക്ക്.ഇന്നലെ നടന്ന മല്‍സരത്തില്‍ സന്ദർശകരായ യൂണിയൻ ബെർലിനിനെതിരെ 1-0 ന് ജര്‍മന്‍ ചാമ്പ്യന്മാര്‍ ജയം നേടി.കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഡിസംബറിൽ നടത്താന്‍ വെച്ച് ഗെയിം ആയിരുന്നു ഇന്നലെ നടന്നത്.മസിലിനു പരിക്കേറ്റതിനെത്തുടർന്ന് ദയോട്ട് ഉപമെക്കാനോ കളം വിട്ടത് മ്യൂണിക്കിന് തിരിച്ചടിയായി.
ആദ്യ പകുതിയില്‍ തന്നെ മികച്ച അവസരങ്ങളിലൂടെ ഗോള്‍ നേടാന്‍ മ്യൂണിക്ക് ശ്രമം നടത്തി എങ്കിലും യൂണിയൻ കീപ്പർ ഫ്രെഡറിക് റോണോ മികച്ച സേവൂകളോടെ അവരെ കാത്തു. എന്നാല്‍ ബയേണിന് അധികം കാത്തിരിക്കേണ്ടി വന്നില്ല. ഹാരി കെയ്‌നിന്റെ ഷോട്ട് റീ ബൌണ്ടില്‍ നിന്നും സ്കോര്‍ ചെയ്തു കൊണ്ട് റാഫേൽ ഗ്വെറിറോ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മ്യൂണിക്കിന് ലീഡ് നേടി കൊടുത്തു.ബയേണിന്റെ ലെറോയ് സാനെയെ ആക്രമിച്ചതിന്റെ പേരില്‍ ബെര്‍ലിന്‍ കോച്ച് നെനാദ് ബിജെലിക്കയെ 74 ആം മിനുട്ടില്‍ റഫറി ഡഗ് ഔട്ടില്‍ നിന്നും പുറത്താക്കി.ജയത്തോടെ ഒന്നാം സ്ഥാനത്ത് ഉള്ള ലെവര്‍കുസനുമായുള്ള പോയിന്‍റ് വിത്യാസം നാലാക്കി കുറക്കാന്‍ ബയെണിന് കഴിഞ്ഞു.