ബ്രസീലിനെ ഒഴിവാക്കി അന്‍സലോട്ടി ; 2026 വരെ പുതിയ റയൽ മാഡ്രിഡ് കരാറിൽ ഒപ്പുവച്ചു
2026 ജൂൺ വരെ റയൽ മാഡ്രിഡ് ഹെഡ് കോച്ചായി തുടരാനുള്ള കരാർ നീട്ടാൻ കാർലോ ആൻസലോട്ടി സമ്മതിച്ചതായി ക്ലബ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.64 കാരനായ ആൻസെലോട്ടി തന്റെ രണ്ടാമത്തെ സ്പെല്ലിനായി 2021 ൽ ക്ലബിലേക്ക് മടങ്ങി എത്തിയതിന് ശേഷം മികച്ച ട്രാക്ക് റിക്കോര്‍ഡ് ആണ് കാഴ്ചവെച്ചിരിക്കുന്നത്.ആദ്യ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ മുൻ കരാർ 2024 ജൂണിൽ അവസാനിക്കുമായിരുന്നു.അടുത്ത വേനൽക്കാലത്ത് ബ്രസീൽ ദേശീയ ടീം ജോലി ഏറ്റെടുക്കുന്നതുമായി ഇറ്റാലിയൻ മാനേജറുടെ പേര് തുടര്‍ച്ചയായി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.വ്യാഴാഴ്ച ആൻസലോട്ടിയും ക്ലബ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസും തമ്മിൽ നടന്ന സംഭാഷണത്തിന് ശേഷം പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിലായതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പുതിയ നിബന്ധന പ്രകാരം അന്‍സലോട്ടിയുടെ റയല്‍ മാഡ്രിഡുമായുള്ള കരാര്‍ കാലാവധി ജൂൺ 30, 2026 വരെ നീണ്ടു നില്‍ക്കും.