വിജയ കുതിപ്പ് തുടരാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് : എതിരാളി ചെന്നൈയിൻ എഫ്‌സി
നവംബർ 29 ബുധനാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ എട്ടാം മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരവിജയത്തിലൂടെ ഹോം റെക്കോർഡ് നിലനിർത്താനും ജംഷെഡ്പൂരിനെതിരായ വിജയത്തിലൂടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കെത്തിയ ഗോവയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമ്പോൾ റാങ്കിങ് ടേബിളിൽ സ്ഥാനം മെച്ചപ്പെടുത്താനാകും ചെന്നൈ ഉറ്റുനോക്കുക.
പത്താം സീസണിൽ ഹോം ഗ്രൗണ്ടിൽ അപരാജിതകുതിപ്പിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന അഞ്ചു മത്സരങ്ങളിൽ നാലെണ്ണവും വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനോട് സമനില വഴങ്ങിയിരുന്നു. ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ വീണ്ടും ഹോം ഗ്രൗണ്ടെന്ന നേട്ടവും ആരാധകപിന്തുണയും മുതലെടുത്ത് മൂന്നു പോയിന്റുകൾ നേടാനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുമെന്നുറപ്പാണ്.
തന്ത്രശാലികളായ എതിരാളികൾക്കെതിരെ തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ പ്രത്യാക്രമണങ്ങൾ വളരെ മികച്ചതാണ്. ഡൈസുകെ സകായ്, ലൂണ തുടങ്ങിയ താരങ്ങൾ ഈ സീസണിൽ ഇതുവരെ ടീമിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.






































