ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരബാദ് എഫ്‌സിയെ തോൽപ്പിച്ചു
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം മത്സരങ്ങൾ പുനരാരംഭിച്ചു. നവംബർ ഇരുപത്തിയഞ്ചിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരബാദ് എഫ്‌സിക്കെതിരെ ഏറ്റുമുട്ടി. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം നേടി. മത്സരത്തിൽ മിലോഷ് ഡ്രിങ്‌സിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ നേടി. പത്താം സീസണിൽ അവസാനം നടന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ മൂന്നു മത്സരങ്ങൾ മിലോഷ് ഡ്രിങ്‌സിച്ചിന് സസ്‌പെൻഷൻ മൂലം നഷ്ടമായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലാണ് വിജയ ഗോൾ പിറന്നത്. ആദ്യ പകുതിയുടെ നാല്പത്തിയൊന്നാം മിനിറ്റിൽ കോർണർ കിക്കെടുത്ത അഡ്രിയാൻ ലൂണയുടെ പാസ് വരുതിയിലാക്കിയ മിലോസ് ഡ്രിൻസിക് ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് നൽകിയ വലതു കാൽ ഷോട്ട് വല തുളക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ ആറു മിനിറ്റ് അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരം അവസാനിക്കുമ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിനു ശേഷം ഇതാദ്യമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ തോൽപ്പിക്കുന്നത്. എട്ടാം സീസണിലെ ഫൈനലിൽ പെനാലിറ്റി ചാൻസിൽ ഹൈദരാബാദിനോട് കേരളാ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിരുന്നു. ശേഷം ഒൻപതാം സീസണിൽ ഹൈദരാബാദിനെതിരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. മത്സരവിജയത്തോടെ മൂന്നു പോയിന്റുകൾ നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴു മത്സരങ്ങളിൽ നിന്നായി പതിനാറു പോയിന്റുകൾ നേടി ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. വീണ്ടും കൊച്ചിയിൽ നവംബർ 29 ബുധനാഴ്ച ചെന്നൈയ്‌ക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.