ഇതിഹാസ താരങ്ങൾക്ക് മുന്നിൽ തൻറെ 50-ാം ഏകദിന സെഞ്ചുറിയുമായി കിംഗ് കോഹിലി, ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ
വിരാട് കോഹ്‌ലിയുടെ റെക്കോർഡ് 50-ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യർ തകർത്തടിച്ച സെഞ്ചുറിയും ന്യൂസിലൻഡിനെതിരെ ബുധനാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ 50 ഓവറിൽ 397/4 എന്ന സ്‌കോറാണ് നേടിയത്.

49 സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറിനൊപ്പം കോഹ്‌ലി നേരത്തെ ഒപ്പമെത്തിയിരുന്നു. 35കാരന്റെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയാണിത്. ഈ മത്സരത്തിന് മുമ്പ് ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ അദ്ദേഹം ഒരു ഫിഫ്റ്റി പോലും നേടിയിരുന്നില്ല. കോഹ്ലി 113 പന്തിൽ 117 റൺസെടുത്തു. 9 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യരുമൊത്ത് കോലി 162 റൺസ് കൂട്ടിച്ചേർത്തു.

ലോകകപ്പിന്റെ ഒരു പതിപ്പിൽ സച്ചിന്റെ 673 റൺസ് എന്ന റെക്കോർഡ് സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നു. 711 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. വെറും 67 പന്തിൽ അയ്യർ തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടി. 70 പന്തിൽ നാല് ഫോറും എട്ട് സിക്‌സും സഹിതമാണ് അദ്ദേഹത്തിന്റെ 105 റൺസ്.
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ 79 റൺസ് എടുത്ത ശേഷം റിട്ടയർഡ് ഹാർട്ടായി. പിന്നീട് അവസാന ഓവറിൽ ഇറങ്ങിയ അദ്ദേഹം 80 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ ഗിൽ 94 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഗില്ലും നൽകിയത്. ഇരുവരും ചേർന്ന് 71 റൺസ് ആണ് നേടിയത്.
രോഹിത് 29 പന്തിൽ നാല് ഫോറും സിക്‌സും സഹിതം 47 റൺസെടുത്തു. ലോകകപ്പ് ചരിത്രത്തിൽ ക്രിസ് ഗെയ്‌ലിന്റെ 49 സിക്‌സുകളുടെ റെക്കോർഡും അദ്ദേഹം തകർത്തു. മെഗാ ഇവന്റിൽ 51 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്.