ഇന്ത്യൻ സൂപ്പർ ലീഗ് : കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സിയെ തോൽപ്പിച്ചു
ഒക്ടോബർ രണ്ട് ഞായറാഴ്ച നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ രണ്ടാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ജംഷെഡ്പൂർ എഫ്‌സിയെ നേരിട്ടു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കാൻ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയ ആരാധകരുടെ പ്രതീക്ഷകൾ സഫലമാക്കി ഏകപക്ഷീയമായ ഒരു ഗോളിന് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. കേരളാ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണ വിജയ ഗോൾ നേടി. കേരളാ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാൻ ലൂണ നേടിയ പന്ത്രണ്ടാം ഗോളായിരുന്നുവത്.
മത്സരത്തിന്റെ തുടക്കം മുതൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തി. ആക്രമണങ്ങളും പ്രത്യാക്രമങ്ങളുമായി മുന്നേറിയ കളിയിൽ ഇരു ടീമുകളുടെയും പ്രധിരോധ നിര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്രമങ്ങളെ സമയോചിതമായി ചെറുത്തു നില്ക്കാൻ ജംഷെഡ്പൂർ പ്രതിരോധത്തിനായി.
ജംഷെഡ്പൂർ ഗോൾ കീപ്പർ ടിപി രെഹനേഷ് പലപ്പോഴും ടീമിന്റെ രക്ഷകനായി. അതുകൊണ്ടുതന്നെ ആദ്യ പകുതിയിൽ ഗോൾ നേടാൻ കേരളാ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് വിജയ ഗോൾ പിറന്നത്. ദിമിട്രിയോസ് ഡയമന്റകോസിന്റെ അസിസ്റ്റിൽ അഡ്രിയാൻ ലൂണ ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് താഴെ ഇടത് മൂലയിലേക്ക് പായിച്ച വലത് കാൽ ഷോട്ട് വല തുളക്കുകയായിരുന്നു. ഇതോടുകൂടി ലൂണ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോളുകളുടെ എണ്ണം പന്ത്രണ്ടായി. ഈ സീസണിലെ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ നേടി. മലയാളി താരം സികെ വിനീത് ബ്ലാസ്റ്റേഴ്സിനായി നേടിയ ഗോൾ നേട്ടം ഇന്നത്തെ ഗോളോടുകൂടി ലൂണ മറികടന്നു.
ഏഴു മിനിറ്റ് അധിക സമയവും കഴിഞ്ഞ് മത്സരം അവസാനിക്കുമ്പോൾ ലൂണയുടെ ഗോളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പത്താം സീസണിലെ തുടർച്ചയായ രണ്ടാം വിജയവും സ്വന്തമാക്കി. മത്സരത്തിലുടനീളം കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷും പ്രബീർ ദാസും നടത്തിയ പ്രകടനം അഭിനന്ദനാർഹമായിരുന്നു.
മത്സരത്തിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് അഡ്രിയാൻ ലൂണ സ്വന്തമാക്കി.