ഈ വർഷത്തെ ഏകദിന ലോകകപ്പ് മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും
ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഏകദിന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. അഹമ്മദാബാദിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം. കാര്യവട്ടത്ത് സന്നാഹ മത്സരം നടക്കും.നേരത്തെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെ ചേർന്ന ഐസിസി യോഗത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുത്തത്. 12 വേദികളിൽ ആയാണ് ലോകകപ്പ് നടക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വേദികളുടെ പട്ടിക പുറത്തുവിട്ടത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ, ഐസിസി സിഇഒ ജെഫ് അലാർഡിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഒക്ടോബർ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് മത്സരം.ഫൈനൽ മത്സരങ്ങളും ഇതേ വേദിയിൽ തന്നെ നടക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും മുംബൈയിലെ വാങ്കഡെ സ്റ്റേഡിയവുമാണ് സെമി ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്നത്.
ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് മത്സരം. 2011ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. അതിനിടെ, ലോകകപ്പിന്റെ ട്രോഫി പര്യടനം ആരംഭിച്ചു. സെപ്തംബർ 4-ന് ട്രോഫി ഇന്ത്യയിൽ തിരിച്ചെത്തും. 2023 ലോകകപ്പ് ട്രോഫി അടുത്ത 100 ദിവസത്തിനുള്ളിൽ പാപുവ ന്യൂ ഗിനിയ, യുഎസ്എ, കുവൈറ്റ്, ഫ്രാൻസ്, ഉഗാണ്ട, നൈജീരിയ എന്നിവയുൾപ്പെടെ 18 വ്യത്യസ്ത രാജ്യങ്ങളിലേക്ക് പോകും.