അവസാന പന്തില്‍ വിജയം പൊരുതി നേടി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
ഇന്നലെ നടന്ന ത്രില്ലര്‍ പോരാട്ടത്തില്‍ അവസാന പന്തില്‍ വിജയം നേടി കൊണ്ട് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഐപിഎല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി.ഇത് ബാംഗ്ലൂരിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി ആണ്.ജയിക്കാന്‍ 213 റണ്‍സ് വേണ്ടി വന്നു എങ്കിലും നിക്കോളാസ് പൂരന്റെ 19 പന്തിൽ 62 റൺസ് അടങ്ങുന്ന ഇന്നിങ്ങ്സും 30 പന്തില്‍ നിന്ന് 65 റണ്‍സ് അടിച്ചെടുത്ത സ്റ്റോണിസും കൂടിയാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ മിന്നുന്ന അർദ്ധ സെഞ്ചുറികളുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഇരുപത് ഓവറില്‍ 212 റണ്‍സ് എടുത്തു.മറുപടി ബാറ്റിങ്ങ് ആരംഭിച്ച ലഖ്‌നൗവിനെ തുടക്കത്തില്‍ തന്നെ വരിഞ്ഞു മുറുക്കാനും ആര്‍സിബിക്ക് സാധിച്ചു.നാലോവറില്‍ അവരുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നേടിയ ബംഗ്ലൂര്‍ ഒരു വലിയ മാര്‍ജിനില്‍ ഉള്ള ജയം നേടുമെന്ന് തോന്നിച്ചു.എന്നാല്‍ എല്ലാ മത്സരങ്ങിലും സംഭവിക്കുന്ന പോലെ തന്നെ മികച്ച രീതിയില്‍ കളി തുടങ്ങുന്ന ബാംഗ്ലൂറിന് മധ്യ ഓവറില്‍ കളിയുടെ നിയന്ത്രണം കൈവിട്ടു.പതിനേഴാം ഓവറിനു തൊട്ടു മുന്നേ നിക്കോളാസ് പൂരന്‍ പുറത്താവുമ്പോള്‍ ലഖ്‌നൗവിനു ജയിക്കാന്‍ മൂന്നോവറില്‍ 24 റണ്‍സ് മാത്രമേ വേണ്ടിവന്നുള്ളൂ.അവസാന ഓവറുകളില്‍ ഒരു തിരിച്ചു വരവിനുള്ള സാധ്യത ആര്‍സിബി ബോളര്‍മാര്‍ കാണിച്ചു എങ്കിലും ഭാഗ്യം ലഖ്‌നൗവിനു ഒപ്പം ആയിരുന്നു.