സൗദി അറേബ്യയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഹെർവ് റെനാർഡ്
ഫ്രാൻസിന്റെ വനിതാ ടീമിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഹെർവ് റെനാർഡ് സൗദി അറേബ്യയുടെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്കെതിരെ നേടിയ വിജയത്തിലൂടെ അദ്ദേഹം ലോക ശ്രദ്ധ പിടിച്ചു പറ്റി.

ശ്രദ്ധേയമായ നാല് വർഷത്തെ ചുമതല അവസാനിപ്പിച്ചതിന് ശേഷമാണ് റെനാർഡ് സൗദിയുമായി വേര്‍പിരിയുന്നത്.54 കാരനായ ഫ്രഞ്ച് പരിശീലകൻ തന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിലും സൗദി ജനങ്ങൾക്ക് നന്ദി പറയുകയും സൗദി ഫുട്‌ബോളിന്റെ പുരോഗതിയും മികച്ച പ്രതിച്ഛായയും ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.ജൂലൈയിൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ആരംഭിക്കുന്ന ഈ വർഷത്തെ ലോകകപ്പിൽ ഫ്രഞ്ച് വനിതാ ടീമിനെ പരിശീലിപ്പിക്കാൻ റെനാർഡ് തയ്യാറാവുകയാണ് എന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനു മുന്നേ ഫ്രഞ്ച് ഇതിഹാസമായ തിയറി ഹെന്രിക്ക് ഈ അവസരം ലഭിച്ചു എങ്കിലും അദ്ദേഹം അത് നിരാകരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.