കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി നിതീഷ് റാണയെ നിയമിച്ചു
അടുത്തിടെ സമാപിച്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ നടുവിന് പരിക്കേറ്റ ശ്രേയസ് അയ്യരുടെ അഭാവത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായി നിതീഷ് റാണയെ നിയമിച്ചു.റാണയെയും വെറ്ററൻ വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരെയ്‌നെയും നേതൃത്വ റോളിലേക്ക് പരിഗണിക്കുന്നതായി നിരവധി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു, എന്നാൽ ഫ്രാഞ്ചൈസി അവരുടെ തീരുമാനം ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.

2018 മുതൽ കെകെആർ ടീമിന്റെ ഭാഗമായി കളിച്ചു വരുന്ന താരമാണ് റാണ.വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്റെ സംസ്ഥാന ടീമിനെ നയിച്ച ക്യാപ്റ്റൻസി പരിചയവും 2018 മുതൽ കൊല്‍ക്കത്തക്ക് വേണ്ടി കളിച്ച് പരിചയവും ഉള്ള താരത്തിന്‍റെ സാന്നിധ്യം ടീമിന് മുതല്‍കൂട്ട് ആകും എന്ന് കെകെആർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.അദ്ദേഹത്തിന് വേണ്ട എല്ലാ പിന്തുണയും തങ്ങള്‍ നല്‍കും എന്നും മാനെജ്മെന്റ് കൂട്ടിച്ചേര്‍ത്തു.ഏപ്രിൽ ഒന്നിന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് കെകെആർ തങ്ങളുടെ ആദ്യ ഐപിഎൽ കളിക്കാന്‍ പോകുന്നത്.