ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ മുട്ടുകുത്തിച്ച് റയല്‍
ചൊവ്വാഴ്ച രാത്രി ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട്-16 ആദ്യ പാദത്തിൽ ലിവര്‍പൂളിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്.തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ പതിനാല് മിനുട്ടിനുള്ളില്‍ രണ്ടു ഗോള്‍ ലീഡ് നേടിയിട്ടും തുടരെ തുടരെ റയലിന്റെ പക്കല്‍ നിന്ന് അഞ്ചു ഗോളുകള്‍ വഴങ്ങിയത് ലിവര്‍പൂളിന്റെ മോശം പ്രതിരോധം മൂലമാണ്.
നാലാം മിനുട്ടില്‍ ഡാര്വിന് നൂനസും പതിനാലാം മിനുട്ടില്‍ സലയും ലിവര്‍പൂളിനു വേണ്ടി ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതി തീരും മുന്‍പ് തന്നെ ഇരട്ട ഗോള്‍ നേടി ബ്രസീലിയന്‍ താരം വിനീഷ്യസ് റയലിനെ സമനിലയിലേക്ക് എത്തിച്ചു.രണ്ടാം പകുതി തുടങ്ങി മുപ്പത് മിനുട്ടിനുള്ളില്‍ തന്നെ മൂന്നു ഗോള്‍ മടക്കി തിരിച്ചുവരാന്‍ കഴിയാത്ത വിധം ലിവര്‍പൂളിനെ റയല്‍ പൂട്ടി.മൂന്നാം ഗോള്‍ നേടിയത് മിലിട്ടാവോയും നാലും അഞ്ചും ഗോള്‍ നേടിയത് ഫ്രഞ്ച് സ്ട്രൈക്കര്‍ ബെന്‍സെമയും ആയിരുന്നു.മാര്‍ച്ച് പതിനാറിന് സാന്തിയാഗോ ബെര്ണാബ്യൂവില് വെച്ചാണ് രണ്ടാം പാദം.