പ്രീമിയര്‍ ലീഗില്‍ ആവേശം ഉണര്‍ത്തി സിറ്റി – ടോട്ടന്‍ഹാം പോരാട്ടം
ഇത്തിഹാദ് സ്റ്റേഡിയത്തിൽ രണ്ടാഴ്ച്ച മുന്നേ നടന്ന ആറു ഗോള്‍ ത്രില്ലര്‍ മത്സരത്തിന്റെ രണ്ടാം ഭാഗം ഇന്ന് അരങ്ങേറും.അന്ന് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടിയ സിറ്റിക്കെതിരെ പ്രതികാരം തീര്‍ക്കാന്‍ ടോട്ടന്‍ഹാമിന് അവസരം ലഭിച്ചിരിക്കുകയാണ്.അതും സ്വന്തം കാണികളുടെ മുന്നില്‍.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് മത്സരം.
ഇന്നലെ ആഴ്സണല്‍ എവര്‍ട്ടനെതിരായ മത്സരത്തില്‍ തോറ്റത് സിറ്റിക്ക് അനുഗ്രഹമായി തീര്‍ന്നു.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഡ് വെറും രണ്ടാക്കി ചുരുക്കാന്‍ സിറ്റിക്ക് കഴിഞ്ഞേക്കും.അതിനാല്‍ ഏറ്റവും ശക്തമായ ടീമിനെ ഇറക്കി മത്സരം വലിയ മാര്‍ജിനില്‍ ജയിക്കുക എന്നത് ആയിരിക്കും പെപ്പിന്റെ ലക്ഷ്യം.ഡിസംബര്‍ വരെ ടോപ് ഫോറില്‍ കഴിഞ്ഞിരുന്ന ടോട്ടന്‍ഹാം ഇപ്പോള്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ടിരിക്കുന്നു.തിരിച്ചു ആദ്യ നാലില്‍ എത്തണം എങ്കില്‍ ഇപ്പോഴത്തെ ഫോമില്‍ നിന്ന് ടോട്ടന്‍ഹാമിന് എങ്ങനെയും ഉയരണം.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വിയാണ് അവര്‍ നേരിട്ടിട്ടുള്ളത്.ടീമിന്റെ മോശം ഫോമിനു പഴി കേള്‍ക്കുന്നത് മൊത്തം കോണ്ടേക്കാണ്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ശക്തരായ സിറ്റി ടീമിനെ എങ്ങനെയും തടയേണ്ട ചുമതലയും അദ്ദേഹത്തിന് തന്നെ ആണ്.