അടി.. തിരിച്ചടി; ഒടുവിൽ സമനിലയിൽ പിരിഞ്ഞ് ചെന്നൈയിനും, ഒഡീഷയും.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ മത്സരത്തിൽ ചെന്നൈയിനെതിരെ ഒഡീഷയ്ക്ക് സമനില. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ നടന്ന പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 2 തവണ ലീഡ് നേടിയതിന് ശേഷമാണ് ഒഡീഷ വിജയം കൈവിട്ടത്. 24ആം മിനിറ്റിൽ ഡിയേഗോ മൗറീഷ്യോ സന്ദർശകർക്കായി ലീഡ് നേടിക്കൊടുത്തെങ്കിലും തൊട്ടടുത്ത് മിനിറ്റിൽ തന്നെ അനിരുദ്ധ് ഥാപ്പയിലൂടെ ചെന്നൈയിൻ ഗോൾ മടക്കി. ശേഷം ആദ്യപകുതി 1-1 എന്ന നിലയിൽ പിരിഞ്ഞു.

തുടർന്ന് രണ്ടാം പകുതിയിൽ 47ആം മിനിറ്റിൽ തന്നെ ഐസക്കിലൂടെ ഒഡീഷ മത്സരത്തിൽ വീണ്ടും ലീഡ് നേടുകയുണ്ടായി. എന്നാൽ 10 മിനിറ്റിനകം തന്നെ എൽ ഹയാതി ചെന്നൈയിനെ ഒപ്പമെത്തിച്ചു. ശേഷിച്ച സമയവും വിജയഗോൾ നേടുവാനുള്ള അവസരങ്ങൾ രണ്ട് ടീമുകൾക്കും ലഭിച്ചിരുന്നുവെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു. ഒടുവിൽ 2-2 എന്ന നിലയിൽ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ഈയൊരു മത്സരത്തോടെ 16 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റോടെ ഒഡീഷ, ബംഗളുരുവിനെ മറികടന്ന് 6ആം സ്ഥാനത്തേക്ക് കയറി.

അത്രയും മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി ചെന്നൈയിൻ 8ആം സ്ഥാനത്താണ് ഉള്ളത്.