പുതിയ ലിവര്‍പൂള്‍ കരാര്‍ ഒപ്പിടുന്നതിന്റെ വക്കില്‍ റോബർട്ടോ ഫിർമിനോ
റോബർട്ടോ ഫിർമിനോ ലിവര്‍പൂളുമായി ഒരു പുതിയ കരാറിൽ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ്.താരവും ലിവര്‍പൂളും തമ്മില്‍ ഉള്ള കരാര്‍ പൂര്‍ത്തിയാവാന്‍ ആറു മാസം മാത്രമേ ബാക്കിയുള്ളൂ.കഴിഞ്ഞ രണ്ട് സീസണുകളിൽ ഫിറ്റ്നസ് നിലനിർത്താൻ അദ്ദേഹം പാടുപെടുന്നുണ്ടെങ്കിലും, താരത്തിന്‍റെ സേവനം ടീമിന് അത്യന്താപേക്ഷിതം ആണ് എന്ന് മാനേജര്‍ ക്ലോപ്പ് കരുതുന്നു.

താരത്തിനെ നിലനിര്‍ത്താനുള്ള ആഗ്രഹം അദ്ദേഹം പലപ്പോഴായി പരസ്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.ലിവർപൂളുമായി താന്‍ കരാര്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്ന് ഫിർമിനോയുടെ ഏജന്റ് റോജർ വിറ്റ്മാൻ ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു.ഫിർമിനോ ലിവർപൂളുമായി ഒരു പുതിയ കരാർ അംഗീകരിക്കുന്നതിനോട് അടുക്കുകയാണെന്നും,രണ്ടു വര്‍ഷം കൂടി അദ്ദേഹം ടീമില്‍ തുടരും എന്നും ജർമ്മൻ പത്രപ്രവർത്തകനായ ഫ്ലോറിയൻ പ്ലെറ്റൻബെർഗും വാര്‍ത്ത പുറത്തു വിട്ടിട്ടുണ്ട്.2015 ല്‍ ടീമില്‍ എത്തിയ ബോബി ലിവര്‍പൂളിനൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ്, കമ്മ്യൂണിറ്റി ഷീൽഡ് എന്നീ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.